കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസുകൾ മുടങ്ങുന്നത്​ പതിവ്​

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവിസുകൾ മുടങ്ങുന്നത് പതിവായതോടെ യാത്രാേക്ലശം രൂക്ഷമാകുന്നു. മേലുദ്യോഗസ്ഥരുടെ അവഗണനയാണ് ദുരവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. ബസുകളുടെ കുറവാണ് സർവിസുകൾ മുടങ്ങാൻ കാരണം. 73 ഷെഡ്യൂളുകളും അതിന് അനുയോജ്യമായ ബസുകളും ഉണ്ടായിരുന്ന ഡിപ്പോയിലിപ്പോൾ അമ്പത്തേഴ് ഷെഡ്യൂളുകൾ മാത്രമാണുള്ളത്. അതുപോലും കൃത്യമായി സർവിസ് നടത്താൻ ബസുകളില്ല. ഉള്ള ബസുകൾ അധികവും സഞ്ചാരയോഗ്യമായവയുമല്ല. ഏത് നിമിഷവും വഴിയിലാകുമെന്ന ആശങ്കയുമായാണ് ബസുകൾ സർവിസ് നടത്തുന്നത്. അധികം കേടുപാടില്ലാത്ത വാഹനങ്ങളായിരുന്നു പൂർണമായും ഡിപ്പോയിലുണ്ടായിരുന്നത്. നല്ല നിലയിലുള്ള വാഹനങ്ങളിൽ അധികവും മേലധികാരികൾ തങ്ങൾക്ക് വേണ്ടപ്പെട്ട മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയി. പകരം മറ്റ് ഡിപ്പോകളിൽ കട്ടപ്പുറത്തിരുന്ന ബസുകളെ പേരിന് അറ്റകുറ്റപ്പണി നടത്തി ഇവിടെ കൊണ്ടുവന്ന് എണ്ണം തികയ്ക്കുന്ന സമീപനമാണ് അധികാരികൾ കൈക്കൊള്ളുന്നതെന്നാണ് പരാതി. പുതിയ ബസുകളൊന്നും അനുവദിക്കാതെ ഡിപ്പോയിൽ സർവിസ് നടത്തുന്ന പല ബസുകളും പിൻവലിച്ച് മറ്റു ഡിപ്പോകൾക്ക് നൽകുന്നത് രൂക്ഷമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇത് ഡിപ്പോയുടെ സുഗമമായ നടത്തിപ്പിനെയും യാത്രക്കാരുടെ യാത്രാസൗകര്യത്തെയും ബാധിച്ചിരിക്കുകയാണ്. നല്ല കലക്ഷനുള്ള പല സർവിസുകളും മുടങ്ങിക്കിടക്കുകയാണ്. മലയോര മേഖലയിലേക്കുള്ള കലക്ഷൻ കുറവായ സർവിസുകൾ പലതും മുടങ്ങുമെന്ന ഭീഷണിയിലാണ്. സമാന്തര വാഹന സൗകര്യങ്ങൾ മേഖലകളിലേക്ക് ഇല്ലാത്തതിനാൽ പ്രതിഷേധം ഭയന്ന് നല്ല കലക്ഷൻ ട്രിപ്പുകളെ മുടക്കി മലയോര സർവിസുകൾ നിലനിർത്തി പോരുകയാണ്. കേടായ ബസുകളിൽ ചിലതുകൂടി കട്ടപ്പുറത്തായാൽ മലയോര സർവിസുകളും നിലയ്ക്കും. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ഡിപ്പോയിൽ വന്നുപോകുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതും ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന ഭൂരിഭാഗം ജീവനക്കാരെയും പാലക്കാട് മേഖലയിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഇക്കാരണത്താൽ ഏറെ ബുദ്ധിമുട്ടാണ് ജീവനക്കാർ സഹിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.