ഒരാഴ്ചക്കുള്ളിൽ പിടിയിലായത് 70 പിടികിട്ടാപ്പുള്ളികൾ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം സിറ്റി പോലീസ് നടത്തിയ 'ഓപറേഷൻ ബ്രോക്കൺ വിൻഡോ'യിൽ ഒരാഴ്ചക്കിടെ പിടിയിലായത് 70 പിടികിട്ടാപ്പുള്ളികൾ. കഴിഞ്ഞദിവസം നടന്ന റെയ്‌ഡിൽ മാത്രം 24 പിടികിട്ടാപ്പുള്ളികളെ വലയിലാക്കിയതായി സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി മുങ്ങിനടന്ന അർഷിതയെ (50) നേമം പൊലീസ് പിടികൂടി. നാല് വർഷമായി പൊലീസിനെ വെട്ടിച്ചുകടന്ന, നിരവധി ആക്രമണകേസുകളിലെ പ്രതിയായ ശ്യാംകുമാറിനെ (36) മ്യൂ സിയം പൊലീസും, ചാലയിൽ കൂട്ടക്കവർച്ച നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ അനന്തുവിനെ (22) ഫോർട്ട് പൊലീസും അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നടത്തിയ കോമ്പിങ് ഓപറേഷനിൽ 171 ജാമ്യമില്ലാ കേസുകളിലെ വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതികളായി ഒളിവിൽ കഴിഞ്ഞ 17 പേരെയും മദ്യപിച്ച് വാഹനം ഓടിച്ച 212 പേരെയും പിടികൂടി. അലക്ഷ്യമായി വാഹനം ഓടിച്ചതിനും ട്രാഫിക് സിഗ്നലുകൾ തെറ്റിച്ചതിനും ഇടതുവശം ഓവർടേക്ക് നടത്തിയതും ഉൾപ്പെടെ 980 പേർ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 24 പേരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചതായും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. 'ഓപറേഷൻ ബ്രോക്കൺ വിൻഡോ'യുമായി ബന്ധപ്പെട്ട് ഇതുവരെ സിറ്റി പൊലീസ് 1239 വാറൻറ് പ്രതികളെ പിടികൂടി. മറ്റു കൃത്യങ്ങൾ തടയാനായി 30 പേരെ മുൻകരുതൽ അറസ്റ്റ് നടത്തി. അഞ്ചുപേരെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലാക്കിയതായും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.