പ്രതിഷേധം ഫലം കണ്ടു; കിളിമാനൂർ^പകൽക്കുറി സ്​റ്റേ സർവിസ് പുനരാരംഭിച്ചു

പ്രതിഷേധം ഫലം കണ്ടു; കിളിമാനൂർ-പകൽക്കുറി സ്റ്റേ സർവിസ് പുനരാരംഭിച്ചു കിളിമാനൂർ: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കിളിമാനൂർ -പള്ളിക്കൽ --പകൽക്കുറി സ്റ്റേ സർവിസ് അഞ്ചുമാസത്തെ ഇടവേളക്കുശേഷം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.05 മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് എം.എൽ.എമാരായ ബി. സത്യനും വി. ജോയിയും അറിയിച്ചു. നിർത്തലാക്കിയ രണ്ട് സർവിസുകൾ ഒറ്റ ഷെഡ്യൂളായാണ് പുനരാരംഭിക്കുന്നത്. കിളിമാനൂർ പകൽക്കുറി, കിളിമാനൂർ -കൊല്ലം ഓർഡിനറി സർവിസുകളാണ് ഒറ്റ സർവിസാക്കി ആരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോ അധികൃതർ തയാറാക്കി നൽകിയ ഷെഡ്യൂളിന് മന്ത്രി അനുമതി നൽകി. ഉച്ചക്ക് 12.05ന് കിളിമാനൂർ ഡിപ്പോയിൽ ആരംഭിച്ച് പള്ളിക്കൽ, പാരിപ്പള്ളി, കൊല്ലം എന്നിവിടങ്ങളിൽനിന്ന് കല്ലമ്പലം,ആറ്റിങ്ങൽ, മെഡിക്കൽ കോളജ്, വൈകുന്നേരം 5.20ന് മെഡിക്കൽ കോളജിൽനിന്ന് ആരംഭിച്ച് ആറ്റിങ്ങൽ, നഗരൂർ, കിളിമാനൂർ, രാത്രി ഒമ്പതിന് കിളിമാനൂരിൽനിന്ന് പോങ്ങനാട്, പള്ളിക്കൽ, പകൽക്കുറിയിൽ സ്റ്റേ. രാവിലെ അഞ്ചിന് ഇവിടെനിന്ന് കിളിമാനൂർ ഡിപ്പോയിലെത്തി തുടർന്ന് കൊല്ലം, ആറ്റിങ്ങൽ, നഗരൂർ, കിളിമാനൂർ എന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. 1964-ൽ കിളിമാനൂർ ജങ്ഷനിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് ഓപറേറ്റിങ് സ​െൻറർ ആരംഭിച്ച കാലത്ത് തുടങ്ങിയതാണ് പകൽക്കുറി ക്ഷേത്രം സ്റ്റേ ബസ്. 1980-ൽ കിളിമാനൂരിൽ ഡിപ്പോ പ്രവർത്തനം ആരംഭിച്ചപ്പോഴും 2000-ത്തിൽ നഷ്ടക്കണക്കുകൾ പറഞ്ഞ് നിരവധി സ്റ്റേ സർവിസുകളടക്കം നിർത്തലാക്കിയപ്പോഴും പകൽക്കുറി സർവിസിൽ കൈെവക്കാൻ അധികൃതർ തയാറായില്ല. എന്നാൽ, 2017 ഒക്ടോബർ ഏഴിന് കിളിമാനൂർ ഡിപ്പോയിൽ മിന്നൽ പരിശോധന നടത്തിയ അന്നത്തെ കെ.എസ്.ആർ.ടി.സി എം.ഡി യാതൊരു മുൻവിധിയുമില്ലാതെ ഈ സ്റ്റേ സർവിസ് പിറ്റേന്ന് മുതൽ നിർത്തലാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തൊട്ടടുത്തദിവസം മാധ്യമം നൽകിയ വാർത്ത കണ്ടാണ് സർവിസ് നിർത്തലാക്കിയവിവരം നാട്ടുകാർ അറിയുന്നത്. ഇതിനിടെ യൂത്ത് കോൺഗ്രസ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം, പള്ളിക്കൽ പഞ്ചായത്ത് ഭരണസമിതി, മടവൂരിലെ യുവജന സന്നദ്ധസംഘടനകളുടെ നിവേദനങ്ങൾ സമർപ്പിക്കൽ, പ്രതിഷേധയോഗങ്ങൾ എന്നിവയൊക്കെ നടന്നു. തുടർന്ന് എം.എൽ.എമാരായ ബി. സത്യൻ, വി. ജോയി എന്നിവരുടെ നേതൃത്വത്തിലും ശ്രമങ്ങൾ നടന്നു. ഒക്ടോബർ 18ന് സ്റ്റേ അടക്കമുള്ള ചില സർവിസുകൾ വെട്ടിമാറ്റി ബസ് ഓടിത്തുടങ്ങി. ഇതിനിടെ അന്നത്തെ എം.ഡിക്കും വകുപ്പുമന്ത്രിക്കും തൽസ്ഥാനങ്ങളിൽനിന്ന് മാറ്റമുണ്ടായി. തുടർന്ന് വിഷയം വകുപ്പി​െൻറ ചുമതല വഹിച്ച മുഖ്യമന്ത്രിയുടെ മേശപ്പുറത്തുമെത്തി. വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ആഴ്ചകൾക്ക് മുമ്പ് കിളിമാനൂരിലെ റസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോറം ഓഫ് റസിഡൻറ്സ് അസോസിയേഷൻ കിളിമാനൂരി​െൻറ (ഫ്രാക്ക്‌) നേതൃത്വത്തിൽ പള്ളിക്കൽ, മടവൂർ, കിളിമാനൂർ അടക്കമുള്ള പ്രദേശത്തെ ജനങ്ങൾ കിളിമാനൂർ ഡിപ്പോയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജനകീയസമരം ശക്തമായതോടെ ബി. സത്യൻ എം.എൽ.എ വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനെ നേരിൽ കണ്ട് നിവേദനം നൽകി. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി എം.ഡി ഹേമചന്ദ്രനും മന്ത്രിയും എം.എൽ.എമാരും കൂടിയ ചർച്ചയിൽ സർവിസ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. 'മാധ്യമ'ത്തെ പ്രശംസിച്ച് എം.എൽ.എമാർ കിളിമാനൂർ: ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പുനരാരംഭിച്ച കിളിമാനൂർ -പകൽക്കുറി സ്റ്റേ സർവിസ് വിഷയത്തിൽ മാധ്യമത്തി​െൻറ ഇടപെടലുകളെ പ്രശംസിച്ച് എം.എൽ.എമാർ. സ്റ്റേ സർവിസ് പുനരാരംഭിച്ചതിൽ മാധ്യമം ദിനപത്രം വലിയ റോളാണ് വഹിച്ചതെന്ന് വർക്കല എം.എൽ.എ വി. ജോയി പറഞ്ഞു. സർവിസ് നിർത്തലാക്കിയതിന് പിറ്റേദിവസം മുതൽ ഇക്കഴിഞ്ഞ ദിവസംവരെയും തുടർച്ചയായി മാധ്യമം വാർത്ത നൽകിക്കൊണ്ടിരുന്നു. ഏറ്റവും കാര്യക്ഷമമായ ഇടപെടലാണ് ഈ വിഷയത്തിലും മാധ്യമം തുടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മാധ്യമ'ത്തി​െൻറ വിമർശനം പോസിറ്റീവായെടുത്തു -ബി. സത്യൻ കിളിമാനൂർ: കെ.എസ്.ആർ.ടി.സി പകൽക്കുറി സ്റ്റേ ബസ് നിർത്തലാക്കിയ വിഷയത്തിൽ മാധ്യമം നൽകിയ വാർത്തകളിലെ വിമർശനത്തെ പോസിറ്റീവായെടുത്ത് പ്രവർത്തിക്കുകയായിരുന്നെന്ന് ആറ്റിങ്ങൽ എം.എൽ.എ ബി. സത്യൻ പറഞ്ഞു. വാർത്തയുടെ തുടർച്ചയായ ഫോളോഅപ്പിലൂടെ വിഷയം ജനങ്ങളിൽ ചർച്ചയായി നിന്നു. മേഖലയിൽനിന്ന് ഉയർന്ന പൊതു ആവശ്യം സ്റ്റേ സർവിസ് പുനഃസ്ഥാപിക്കണമെന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.