റോഡ് സംരക്ഷണ ഭിത്തിപൊളിച്ച് കരിങ്കല്ലെടുത്ത് പഞ്ചായത്ത് ഭൂമിക്ക് മതില്‍ കെട്ടി

* റോഡ് സംരക്ഷണ ഭിത്തി പൊളിച്ച് ഇരുപത്തിയഞ്ചോളം ലോഡ് കരിങ്കല്ലാണ് കരാറുകാരൻ നിർമാണത്തിനെടുത്തത്; അഴിമതിയെന്ന് നാട്ടുകാർ കാട്ടാക്കട: റോഡിലെ സംരക്ഷണ ഭിത്തിപൊളിച്ച് കരിങ്കല്ലുകളെടുത്ത് ഗ്രാമപഞ്ചായത്ത് ഭൂമിക്ക് മതില്‍ കെട്ടി. മംഗലയ്ക്കൽ വാർഡിലെ പോങ്ങറക്കോണം- കുളത്തോട്ടുമല റോഡിലെ പഞ്ചായത്തി​െൻറ 15 സ​െൻറ് ഭൂമി മതില്‍ കെട്ടി സംരക്ഷിക്കുന്ന ജോലിയിലാണ് ക്രമക്കേട് നടത്തിയത്. ജലശുദ്ധീകരണശാല സ്ഥാപിക്കാൻ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ മതില്‍ കെട്ടാനാണ് റോഡിൽ നിലവിലുണ്ടായിരുന്ന സംരക്ഷണ ഭിത്തി പൊളിച്ച കരിങ്കല്ല് ഉപയോഗിച്ചത്. റോഡി​െൻറ സംരക്ഷണ ഭിത്തി പൊളിച്ച ലോഡുകണക്കിന് കരിങ്കല്ല് ഉപയോഗിച്ചാണ് കരാറുകാരൻ മറുഭാഗത്ത് സംരക്ഷണ ഭിത്തി നിർമിച്ചത്. സംഭവത്തെ കുറിച്ച് ഗിരിനഗർ മാതൃകാ െറസിഡൻറ്സ് അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും കരാറുകാരനെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ ആരോപണം. ആറര മീറ്ററോളം വീതി ഉണ്ടായിരുന്ന റോഡ് സംരക്ഷണഭിത്തി പൊളിച്ചു നീക്കിയതോടെ അഞ്ചര മീറ്ററായി ചുരുങ്ങുകയും ചെയ്തു. സാധാരണയായി റോഡരികിൽ മതിൽ പണിതാൽ ടാറിൽനിന്ന് ഒന്നര മീറ്റർ നീക്കിവേണം പണിയാനെന്നും നിലവിലെ സര്‍വേ കല്ല് പുറത്തു നിർത്തിയാവണം നിർമാണം നടത്തേണ്ടതെന്നുമാണ് ചട്ടം. ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കരാറുകാരന്‍ നിർമാണം നടത്തിയത്. കുളത്തോട്ടുമല റോഡ് ഇടിയാതിരിക്കാൻ ഉണ്ടായിരുന്ന 300 മീറ്ററോളം വരുന്ന സംരക്ഷണ ഭീത്തി പൂർണമായും പൊളിച്ചുനീക്കി. ഇതിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം ലോഡ് കരിങ്കല്ലാണ് മറുഭാഗത്ത് മതിലിന് അടിത്തറ കെട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. പൊളിച്ച കരിങ്കല്ല് തന്നെ ഉപയോഗിച്ചത് അഴിമതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിങ്കല്ലിന് കടുത്ത ക്ഷാമം നേരിട്ടതുകൊണ്ടാണ് ഇത്തരത്തില്‍ റോഡിലെ കരിങ്കല്‍ ഭിത്തികള്‍ പൊളിച്ച് നിർമാണം നടത്താനിടയാക്കിയതെന്നാണ് പറയപ്പെടുന്നത്. ജനവാസം തീരെ കുറഞ്ഞ പ്രദേശമായതിനാല്‍ സംഭവം പുറത്തറിയിെല്ലന്ന് കരുതിയാണ് റോഡിലെ സംരക്ഷണ ഭിത്തി പൊളിച്ച് മതിൽ നിർമിച്ചതെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.