നോർക്ക വായ്പാ പദ്ധതി: സബ്സിഡികൾ നൽകാൻ കാലതാമസം നേരിടുന്നതായി ആക്ഷേപം

പാലോട്: മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ തുടങ്ങാൻ നോർക്ക റൂട്ട്സ് ആരംഭിച്ച വായ്പാ പദ്ധതിയിൽ സബ്സിഡി തുക നൽകാൻ കാലതാമസം നേരിടുന്നതായി ആക്ഷേപം. ഡിപ്പാർട്ട്മ​െൻറ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻറ്സ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരം വായ്പയെടുത്ത് മുടക്കം കൂടാതെ തിരിച്ചടച്ച പലർക്കും പലിശ, മൂലധന സബ്സിഡികൾ ഇതുവരെയും ലഭിച്ചിട്ടില്ല. പദ്ധതി പ്രകാരം ഹാർഡ്വെയർ ഷോപ്പ് തുടങ്ങാൻ 20 ലക്ഷം രൂപ വായ്പയെടുത്ത പ്രവാസിയാണ് പാങ്ങോട് പഞ്ചായത്തിലെ വട്ടകരിക്കകം വിളയിൽ വീട്ടിൽ നസീർ. വായ്പയുടെ 15 ശതമാനം സബ്സിഡിയായ മൂന്ന് ലക്ഷം വായ്പ നൽകിയ കാനറാ ബാങ്ക് ആനാട് ശാഖയിലെ നസീറി​െൻറ അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് നോർക്കയുടെ അറിയിപ്പ്. ഇത് കഴിച്ചുള്ള വായ്പാതുകക്ക് പലിശ നൽകിയാൽ മതിയെന്ന് നോർക്ക പറയുന്നുണ്ടെങ്കിലും മുഴുവൻ വായ്പാതുകക്കും ബാങ്കുകൾ പലിശ ഈടാക്കുന്നുണ്ട്. വായ്പ അടച്ചുകഴിയുമ്പോഴോ അവസാനഗഡുക്കളിലോ മൂലധന സബ്സിഡി തട്ടിക്കിഴിക്കുമെന്നാണ് നോർക്കയുടെ വാഗ്ദാനം. ഇതനുസരിച്ച് ബാങ്ക് മാനേജരുടെ ശിപാർശക്കത്തോടെ നസീർ നോർക്കയിൽ അപേക്ഷ സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ, തുക അക്കൗണ്ടിൽ ലയിപ്പിക്കാൻ നോർക്ക ഇനിയും തയാറായിട്ടില്ല. വായ്പാ ഗഡുക്കൾ കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്സിഡിയും നോർക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഈ തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നസീർ പറയുന്നു. വായ്പക്ക് സമീപിക്കുന്നവരെ ബാങ്കുകളിലേക്ക് പറഞ്ഞുവിടുന്നതൊഴിച്ചാൽ തുടർസേവനങ്ങളൊന്നും നോർക്ക കാര്യക്ഷമമായി പ്രവാസികൾക്ക് നൽകുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.