തുറമുടക്കം തുടരുന്നു; വള്ളങ്ങള്‍ കടലില്‍ ഇറങ്ങിയില്ല

പൂന്തുറ: തീവ്ര ന്യൂനമർദം കാരണം ശക്തമായ കാറ്റ് രൂപപ്പെട്ടതിനാല്‍ ജില്ലയിലെ തീരങ്ങളിൽ തുറമുടക്കം അഞ്ചാം ദിവസത്തിലും തുടരുന്നു. വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ശക്തമായി കാറ്റടിക്കുന്നതിനാല്‍ തീരത്തുനിന്ന് കമ്പവലകള്‍ വലിക്കാനോ കട്ടമരത്തില്‍ ഇരുന്ന് ചൂണ്ടയിടാനോ കഴിയാത്ത അവസ്ഥയാണ്. സാഹസികരായ ചിലർ തീരക്കടലില്‍ വള്ളമിറക്കാന്‍ എത്തിയെങ്കിലും പൊലീസും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് തടഞ്ഞു. പൂന്തുറ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളെ തടയാൻ വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആകാശം തെളിഞ്ഞത് കാരണം ബുധനാഴ്ച പുലര്‍ച്ചയോടെ കടലില്‍ പോകാനായി മത്സ്യത്തൊഴിലാളികള്‍ ബോക്സുകളില്‍ ഐസുമായി എത്തിയെങ്കിലും പൊലീസ് തടഞ്ഞു. മത്സ്യത്തൊഴിലാളികളിൽ ചിലര്‍ പൊലീസിനോട് തര്‍ക്കിച്ചെങ്കിലും ഇടവക ഇടപെട്ട് സര്‍ക്കാറി​െൻറ അറിയിപ്പ് വരുന്നതുവരെ ആരും കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ് കൂടുതൽ നീളുമോയെന്നതാണ് തീരദേശത്തെ അങ്കലാപ്പിലാക്കുന്നത്. ഓഖിയുടെ സംഹാരതാണ്ഡവത്തിനുശേഷം ജില്ലയുടെ തീരദേശത്ത് മത്സ്യലഭ്യത പൊതുവേ കുറവാണ്. പണം കടംവാങ്ങിയും പലിശെക്കടുത്തും കരിഞ്ചന്തയില്‍നിന്ന് കൂടിയ വിലക്ക് മണ്ണെണ്ണ വാങ്ങിയും കടലില്‍ പോകുന്ന വള്ളങ്ങള്‍ കുറഞ്ഞ മത്സ്യവുമായി മടങ്ങിവരുന്നത് പതിവാണ്. ഇതിനിടെയാണ് അഞ്ച് ദിവസമായി കടലില്‍ വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥ വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.