മുനിസിപ്പൽ ബസ്​സ്​റ്റാൻഡ്​​ വിജനം; യാത്രക്കാരും ബസുകളും നടുറോഡിൽ

വർക്കല: മുനിസിപ്പൽ ബസ്സ്റ്റാൻഡ് സദാസമയവും കാലിയാണ്. ബസുകളെല്ലാം പുറത്തായതിനാൽ യാത്രക്കാരും നടുറോഡിലായതാണ് കാരണം. എന്നാൽ, ഇതോടെ നിന്നുതിരിയാനിടമില്ലാത്ത റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ ബസ് പാർക്കിങ്ങും ഗതാഗതക്കുരുക്കും നിരന്തരം അപകടങ്ങൾക്ക് ഇടയാക്കിയിട്ടും നടപടി മാത്രമുണ്ടായിട്ടില്ല. എല്ലാ ബസുകളും സ്റ്റാൻഡിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കുകയും കയറ്റിക്കൊണ്ടു പോകുകയും ചെയ്യണമെന്നാണ് നിയമം. സ്വകാര്യ ബസുകൾ ഇത് പതിവായി ലംഘിക്കുകയാണ്. ബസ്സ്റ്റാൻഡിലേക്കുള്ള പ്രവേശന ഫീസ് ബസുകൾ കൃത്യമായി എല്ലാ ദിവസവും നൽകും. ഇത് പിരിക്കുന്നത് സ്റ്റാൻഡിന് പുറത്ത് നടുറോഡിൽവെച്ചാണ്. സ്റ്റാൻഡിനുള്ളിൽ എല്ലാ ബസുകളും കയറണമെന്നുള്ള നിയമം കൈക്കൊണ്ടത് ആർ.ടി.ഒയും പൊലീസും നഗരസഭയും ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായുള്ള യോഗത്തിലായിരുന്നു. ഇപ്പോൾ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറുമല്ല. ടാറിങ് നടത്തി നവീകരിക്കാത്തതിനാലാണ് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കയറ്റാത്തതെന്നായിരുന്നു ആദ്യം കാരണം പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ പറയുന്നത് റീ ടാറിങ് കഴിഞ്ഞപ്പോൾ ഹംപുകളുടെ എണ്ണം വർധിച്ചെന്നും ഇത് യാത്രാക്ലേശം വർധിപ്പിച്ചെന്നുമാണ്. എല്ലാ ദിവസവും കെ.എസ്. ആർ.ടി.സി ഉൾപ്പെടെ 300 ഒാളം ബസുകളാണ് വർക്കലയിലെത്തി മടങ്ങുന്നത്. കഴിഞ്ഞ ജനുവരി 27ന് ചേർന്ന ആർ.ടി.ഒ പൊലീസ് സംയുക്ത യോഗത്തിലും നിർബന്ധമായും വർക്കല നഗരസഭ സ്റ്റാൻഡിനുള്ളിൽ എല്ലാ ബസുകളും കയറ്റണമെന്ന് കർശനമായ തീരുമാനമെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.