ആശങ്കയും പട്ടിണിയുമായി ദുരിതം

ആറ്റിങ്ങല്‍: തീവ്ര ന്യൂനമര്‍ദ ഭീതിയിൽ ആശങ്ക ഒഴിയാതെ ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് തീരങ്ങൾ. ഇവിടങ്ങളിലെ ആയിരങ്ങള്‍ മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് ഇവര്‍ പ്രതിസന്ധിയിലാണ്. നിലവില്‍ അഞ്ചുതെങ്ങ് ചിറയിന്‍കീഴ് പഞ്ചായത്തുകളുടെ കടല്‍ത്തീരമേഖലയില്‍ തിരയടി ശക്തമാണ്. കടല്‍ഭിത്തിക്കും പുറത്തേക്ക് തിര കടന്നുവരുന്നുണ്ട്. ഇതു തീരദേശത്തെ വീടുകളുടെ ബലക്ഷയത്തിനും കാരണമാകുന്നുണ്ട്. കടലില്‍നിന്ന് മടങ്ങിയെത്തിയവരുടെ വള്ളവും വലയും ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്നത് കടല്‍ത്തീരത്താണ്. തിര ശക്തമായതോടെ അവ നശിക്കുമെന്ന ആശങ്കയുമുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. എൻജിന്‍ ബോട്ടുകളില്‍ പോകുന്നവരില്‍ ഭൂരിഭാഗവും പൊഴിമുഖത്തിലൂടെ ബോട്ടുകള്‍ കായലിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് സാധ്യമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കടലിലിറക്കി ഇത്തരത്തില്‍ കായലിലേക്ക് കൊണ്ടുപോകാനും കഴിയില്ല. സാധാരണ ഗതിയില്‍ നിശ്ചിത പരിധിക്കപ്പുറത്തുനിന്നും സാധാരണ രണ്ട് മിനിറ്റിനും മൂന്ന് മിനിറ്റിനും ഇടയിലാണ് വലിയ തിരമാലകള്‍ വന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസമായി ഒരു മിനിറ്റിനുള്ളില്‍ ശക്തമായ തിരമാലകള്‍ ഇവിടെ ഉത്ഭവിക്കുന്നുണ്ട്. ഭീമമായ തുക വായ്പ എടുത്താണ് മത്സ്യബന്ധന ബോട്ടുകള്‍ ഇവര്‍ വാങ്ങിയിട്ടുള്ളത്. ദിവസങ്ങളോളം മത്സ്യബന്ധനം സാധ്യമാകാതെ വരുന്നത് ഇവയുടെ തിരിച്ചടവിനെയും ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.