പമ്പ് ഹൗസുകളിലെ ഫ്യൂസുകൾ കെ.എസ്.ഇ.ബി ഊരി; നാല് പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടി

വർക്കല: പണമടയ്ക്കാത്തതിനാൽ വാട്ടർ അതോറിറ്റിയുടെ മൂന്ന് പമ്പ് ഹൗസുകളിലെ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതർ ഊരി. പമ്പ് ഹൗസുകൾ നിശ്ചലമായതോടെ നാല് പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടി. അതോറിറ്റി വർക്കല സെക്ഷൻ ഓഫിസിലെ ഉന്നതോദ്യോഗസ്ഥർ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ബിൽ പ്രകാരമുള്ള പണം അടച്ചാലേ വൈദ്യുതി പുനഃസ്ഥാപിക്കുയുള്ളൂവെന്ന വാശിയിലാണ് വൈദ്യുതി വകുപ്പ് എൻജിനീയർമാർ. ചൊവ്വാഴ്ച രാവിലെയാണ് വാട്ടർ അതോറിറ്റിയുടെ പാവല്ല, നാവായിക്കുളം, മണമ്പൂര് എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാർ ഫ്യൂസ് ഊരിക്കൊണ്ടു പോയത്. എന്നാൽ, പമ്പ് ഹൗസുകളിലെ വൈദ്യുതി ബിൽ വാട്ടർ അതോറിറ്റി ഓഫിസുകൾ വഴിയല്ല അടയ്ക്കാറ്. വൈദ്യുതി ബില്ലുകളെല്ലാം സർക്കാർ വകുപ്പുകൾ തമ്മിലാണ് കൈകാര്യം ചെയ്തുപോരുന്നത്. ഇക്കാര്യം വാട്ടർ അതോറിറ്റി സെക്ഷൻ എൻജിനീയർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെങ്കിൽ സർക്കാർതലത്തിലുള്ള തീരുമാനവും നടപടികളും ഉണ്ടാകണം. അതുവരെയും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിയും വരും. മണമ്പൂർ, ഒറ്റൂർ, നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലെ ഉപഭോക്താക്കളെയാണ് അധികൃതർ ദുരിതത്തിലാക്കിയിരിക്കുന്നത്. വിഷയം അടിയന്തരപ്രാധാന്യത്തോടെ എം.എൽ.എമാർ വകുപ്പുമന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.