പാങ്ങോട് മാർക്കറ്റിലെ പുതിയ നിർമാണപ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ രംഗത്ത്

കല്ലറ: പാങ്ങോട് ചന്തയിലെ പുതിയ നിർമാണപ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കാലാകാലങ്ങളിൽ പഞ്ചായത്ത് ഭരിച്ചവർ വ്യക്തമായ ആസൂത്രണമില്ലാതെ നടത്തിയ വികസന പ്രവർത്തനങ്ങൾ 'കൂനിന്മേൽ കുരു'വായതായി നാട്ടുകാർ പറയുന്നു. പത്തുവർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി യാതൊരു മുൻവിധിയുമില്ലാതെ രണ്ടായി വിഭജിച്ചുകൊണ്ട് മതിൽ കെട്ടിത്തിരിച്ചതോടെ ചന്തയുടെ മരണമണി മുഴങ്ങി. തുടർന്ന് വന്നവർ സ്റ്റാളുകൾ കെട്ടിയെങ്കിലും ഇവ ഉപയോഗശൂന്യമാണ്. മാർക്കറ്റിനുള്ളിൽ നിർമിച്ച ശൗച്യാലയവും അടഞ്ഞുകിടക്കുകയാണ്. മാർക്കറ്റിലെ സ്റ്റാളുകളും കടകളും ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് വീണ്ടും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് ഭരണസമിതി തയാറെടുക്കുന്നത്. ഇതിനെതിരെ ജനരോഷം ശക്തമാണ്. മാർക്കറ്റിനെ ചരിത്രസ്മാരകമാക്കി നിലനിർത്തണമെന്നും പഞ്ചായത്ത് ഫണ്ട് ചെലവഴിക്കുന്നത് ദീർഘവീക്ഷണത്തോടെയാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ. ബ്രിട്ടീഷ് ഭരണകാലത്തെ ഭീകരതയെ ഓർമിപ്പിക്കുന്ന കല്ലറ--പാങ്ങോട് പ്രദേശത്തെ അപൂർവം കാഴ്ചകളിലൊന്നാണ് പാങ്ങോട് ചന്ത. മലയോരമേഖലയിലെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ എത്തിയിരുന്നത് പാങ്ങോട് ചന്തയിലാണ്. എന്നാൽ, അന്ന് നിലനിന്നിരുന്ന ചുങ്കപ്പിരിവിനെ ഒരു കൂട്ടം യുവാക്കൾ എതിർത്തു. തുടർന്ന് ഇവർ പൊലീസ് തേർവാഴ്ചക്ക് വിധേയരായതും ഒടുവിൽ കൊല ചെയ്യപ്പെട്ടതുമെല്ലാം ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. ചരിത്രത്തി​െൻറ ഭാഗമാകേണ്ട ചന്ത ഇന്ന് നാശത്തി​െൻറ വക്കിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.