കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപനസംഘങ്ങൾ വീണ്ടും സജീവം

അധികൃതരുടെ തിരച്ചിലുകളും പരിശോധനകളും കുറഞ്ഞതോടെയാണ് വീണ്ടും സജീവമായത് കുളത്തൂപ്പുഴ: പ്രദേശത്തും പരിസരത്തും കഞ്ചാവ് വിൽപന വ്യാപകമാകുന്നു. കുറേനാളായി നിർജീവമായിരുന്ന ലഹരിവ്യാപാരം അധികൃതരുടെ തിരച്ചിലുകളും പരിശോധനകളും കുറഞ്ഞതോടെയാണ് വീണ്ടും സജീവമായത്. ആൾത്തിരക്ക് കുറഞ്ഞ പ്രദേശങ്ങളും ഇടവഴികളും കളിസ്ഥലങ്ങളുമാണ് വിൽപനകേന്ദ്രങ്ങൾ. പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്തവിധത്തിൽ വഴിയരികിൽ കൂടിനിന്നാണ് വിൽപന നടക്കുന്നത്. ഇതിനാൽ സംഭവം പലപ്പോഴും പുറംലോകം അറിയുന്നില്ല. വിദ്യാർഥികളും യുവജനങ്ങളും ഉപഭോക്താക്കളായ വ്യാപാരശൃംഖലയിൽ ഓട്ടോറിക്ഷകളിലും ബൈക്കുകളിലുമായെത്തുന്ന വിൽപനക്കാർ നിൽക്കുന്നിടത്തേക്ക് ഗുണഭോക്താക്കൾ എത്തുകയാണ് ചെയ്യുന്നത്. നെടുവന്നൂർകടവ്, കെ.എസ്.ആർ.ടി.സി ഡിപ്പോ, അമ്പലക്കടവ് -കുമരംകരിക്കം പാത, പഞ്ചായത്ത് സ്റ്റേഡിയം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരം ലഹരി വിൽപന സംഘങ്ങളുടെ സാന്നിധ്യമുള്ളത്. പുറമെനിന്ന് ആഡംബര ബൈക്കുകളിലെത്തുന്നവരെ തേടി നിമിഷങ്ങൾക്കുള്ളിൽ ഗുണഭോക്താക്കളെത്തുകയും ഒന്നും രണ്ടും പേരായി എത്തി സാധനം കൈമാറി ഉടൻതന്നെ മടങ്ങുന്നരീതിയാണ് അവലംബിക്കുന്നതെന്നും ഇവരിൽ ചിലർ പറയുന്നു. ചെറുവിൽപന സംഘങ്ങളും കുളത്തൂപ്പുഴയുടെ സമീപപ്രദേശങ്ങളിൽ സജീവമാണെന്നാണ് ലഭ്യമാകുന്ന സൂചനകൾ. കോളനി പ്രദേശങ്ങളിൽ കലുങ്കുകളുടെ മുകളിൽ തമ്പടിക്കുന്ന സംഘങ്ങളിലൂടെയാണ് വിൽപന സജീവമാകുന്നതെന്നും പതിനഞ്ച് വയസ്സ് മുതലുള്ളവർ ഇവ ഉപയോഗിക്കുന്നതായും നാട്ടുകാർ പറയുന്നു. അടിപിടിയും ബഹളവുമുണ്ടാക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കാൻ അധികൃതുടെ പരിശോധനകൾ പേരിനുപോലുമില്ലെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.