വില്ലേജ്​ ഒാഫിസർക്കെതിരെ അച്ചടക്കനടപടി: അന്വേഷണ കമീഷനെ നിയോഗിച്ചു

തിരുവനന്തപുരം: തണ്ടപ്പേര് പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകിയെന്ന സംഭവത്തിൽ വില്ലേജ് ഒാഫിസർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുന്നതിന് മുന്നോടിയായി അന്വേഷണ കമീഷനെ നിയോഗിച്ചു. വഞ്ചിയൂർ വില്ലേജ് ഒാഫിസറായിരുന്ന പി. പത്മകുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് തിരുവനന്തപുരം ഡെപ്യൂട്ടി കലക്ടർ വി.ആർ. വിനോദിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പി. പത്മകുമാർ വഞ്ചിയൂർ വില്ലേജ് ഒാഫിസറായിരിക്കെ തർക്ക വിഷയമായ ഭൂമിയുടെ തണ്ടപ്പേര് പരിശോധിക്കാതെ പൊസഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്, തണ്ടപ്പേർ പകർപ്പ് എന്നിവ നൽകിയതായി വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇയാൾക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്നും വിജിലൻസ് ഡയറക്ടർ ശിപാർശയും ചെയ്തിരുന്നു. പി. പത്മകുമാർ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. പത്മകുമാറിന് കഠിനശിക്ഷക്കുള്ള കുറ്റപത്രമാണ് നൽകിയിട്ടുള്ളത്. നടപടി കൈക്കൊള്ളുന്നതിന് മുന്നോടിയായുള്ള അൗപചാരിക അന്വേഷണത്തി​െൻറ ഭാഗമായാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.