ന്യൂ ആര്യങ്കാവ്-^ഇടമൺ ബ്രോഡ്ഗേജ് പാത സുരക്ഷ പരിശോധന പൂർത്തിയായി; ഇന്ന് പരീക്ഷണയോട്ടം

ന്യൂ ആര്യങ്കാവ്--ഇടമൺ ബ്രോഡ്ഗേജ് പാത സുരക്ഷ പരിശോധന പൂർത്തിയായി; ഇന്ന് പരീക്ഷണയോട്ടം പുനലൂർ: പുനലൂർ--ചെങ്കോട്ട പാതയിൽ ഗേജ്മാറ്റം പൂർത്തിയായ ന്യൂ- ആര്യങ്കാവ് -ഇടമൺ പാതയിൽ സുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായി. ശനിയാഴ്ച ട്രെയിൻ ഓടിച്ച് പരിശോധന നടത്തും. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഒട്ടെറെ ന്യൂനതകൾ കണ്ടെത്തി. നിർമാണത്തിൽ ഉണ്ടായ അപാകതകൾ പരിഹരിച്ച ശേഷമേ സർവിസ് ആരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക‍യുള്ളൂവെന്ന് അറിയുന്നു. സർവിസ് ആരംഭിക്കുന്നതിന് പാത സജ്ജമാെണന്ന് റിപ്പോർട്ട് നൽകേണ്ട ചീഫ് സുരക്ഷ കമീഷണർ കെ.എ. മനോഹര​െൻറ നേതൃത്വത്തിലാണ് പുതിയ പാത വെള്ളിയാഴ്ച പരിശോധിച്ചത്. പ്രത്യേകം തയാറാക്കിയ ട്രോളിയിൽ വെള്ളിയാഴ്ച രാവിലെ പത്തോടെ ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽനിന്ന് തുടങ്ങിയ പരിശോധന ഇടപ്പാളയം, കഴുതുരുട്ടി, തെന്മല, ഒറ്റക്കൽ പിന്നിട്ട് സന്ധ്യയോടെ ഇടമൺ സ്റ്റേഷനിൽ അവസാനിച്ചു. വിവിധ സെക്ഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ തയാറാക്കുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് ചീഫ് സുരക്ഷ കമീഷണർ അന്തിമ റിപ്പോർട്ട് തയാറാക്കി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും. ഓരോരുത്തരും തയാറാക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന നിർമാണ അപാകതകളും പുതിയ നിർദേശങ്ങളും അടിയന്തരമായി പരിഹരിക്കും. ട്രോളിയിൽ സഞ്ചരിച്ചും പലയിടത്തും ഇറങ്ങിയും നടന്നും കമീഷണർ സൂഷ്മ പരിശോധന നടത്തി. പാതയിലെ തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങിയ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഏറെ സമയമെടുത്താണ് പരിശോധിച്ചത്. ഇടപ്പാളയം ആനകുത്തി വളവിൽ ദേശീയപാതയുടെ സമീപത്ത് നിർമിച്ച സംരക്ഷണ ഭിത്തിയുടെ നിർമാണ അപാകതയും സുരക്ഷ ഭീഷണിയും കമീഷണർ കണ്ടെത്തി. ഇത് സംബന്ധിച്ച് കീഴുദ്യോഗസ്ഥർക്ക് നിർദേശം നൽകി. 13 കണ്ണറ പാലത്തിന് സമീപമുള്ള ഒന്നാം തുരങ്കത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ ബോഗികൾ പാറയിൽ ഉരസുമെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയതായി നിർമിച്ച തുരങ്കത്തിലടക്കം സൂക്ഷ്മ പരിശോധന നടത്തി. കൂടാതെ, തുരങ്കങ്ങളുടെ കവാടം ബലപ്പെടുത്താത്തതും ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കാത്തതിലും കമീഷണർ അതൃപ്തി പ്രകടിപ്പിച്ചു. ശനിയാഴ്ച രാവിലെ 10ന് ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽനിന്ന് ഇടമൺ സ്റ്റേഷനിലേക്ക് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തും. പരമാവധി 30 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ ഓടിക്കുക. ഇതിനുശേഷമേ പരിശോധന സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ഡിവിഷൻ മാനേജർ നീനു ഇട്ട്യേര, അഡീഷനൽ ഡി.ആർ.എം മുരളീകൃഷ്ണൻ, നിർമാണ വിഭാഗം ചീഫ് എൻജീനിയർ സുചിൻ സിംഗാൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഏഴ് ട്രോളികളിലായി വിവിധ വകുപ്പുകളിലെ 300ഓളം ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. തെന്മല റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം മുടങ്ങി പുനലൂർ: പുനലൂർ- ചെങ്കോട്ട േബ്രാഡ്ഗേജ് പാതയിൽ പുതുതായി നിർമിച്ച തെന്മല റെയിൽവേ സ്റ്റേഷൻ കെട്ടിടം ഉദ്യോഗസ്ഥർ ഉദ്ഘാടനം ചെയ്യാനുള്ള ശ്രമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇടപെട്ട് നിർത്തിവെപ്പിച്ചു. വെള്ളിയാഴ്ച ന്യൂ ആര്യങ്കാവ്- ഇടമൺ ലൈൻ സുരക്ഷ പരിശോധനക്ക് എത്തിയ ചീഫ് സുരക്ഷ കമീഷണർ കെ.എ. മനോഹരനെ കൊണ്ട് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനായിരുന്നു റെയിൽവേ അധികൃതരുടെ ശ്രമം. ഇതിനായി എല്ലാ ഒരുക്കവും അധികൃതർ നടത്തിയിരുന്നു. എന്നാൽ, സ്ഥലം എം.പിയും പാതയുടെ നിർമാണ പൂർത്തീകരണത്തിന് മുൻകൈ എടുത്തിരുന്നതുമായ എൻ.കെ. പ്രേമചന്ദ്രനെ ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ല. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് എം.പി പരിശോധന സംഘത്തിലുണ്ടായിരുന്ന മധുര ഡിവിഷൻ ചീഫ് മാനേജർ നീനു ഇട്ട്യേരയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും നീരസം അറിയിച്ചു. ഇതിനെ തുടർന്ന് ഉദ്ഘാടന പരിപാടി അവസാനഘട്ടത്തിൽ അധികൃതർ ഉപേക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.