പ്രവാസി പ്രശ്​നങ്ങളും പരിഹാരവും ലോക കേരളസഭ പ്രത്യേകം ചർച്ചചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവഴികളും ലോക കേരളസഭ പ്രത്യേകം ചർച്ചചെയ്യും. രണ്ടാംദിനമായ ശനിയാഴ്ച നടക്കുന്ന ഉപസമ്മേളനത്തിലാണ് ചര്‍ച്ച. റിട്ടയര്‍മ​െൻറ് കാലത്തിന് ശേഷം പ്രവാസം മതിയാക്കി തിരികെയെത്തുന്ന മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വളരെ നേരത്തേ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പുതിയ സാഹചര്യം സമ്മേളനം ചര്‍ച്ചചെയ്യും. പെന്‍ഷന്‍, ചികിത്സ സഹായം തുടങ്ങിയ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കുപരിയായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനോ അതില്‍ പങ്കാളിയാവാനോ അവസരമൊരുക്കുന്ന പദ്ധതികളാണ് അനിവാര്യമെന്നാണ് പ്രവാസി പ്രമുഖർ പറയുന്നത്. ജൈവ കൃഷി മുതല്‍ വ്യവസായങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഇങ്ങനെ തിരിച്ചെത്തുന്നവര്‍ക്കായി നടപ്പാക്കാനാവും. ജീവിതത്തി​െൻറ മുഖ്യഭാഗവും പ്രവാസജീവിതം നയിച്ച് തിരിച്ചെത്തുന്നവര്‍ക്ക് മാന്യവും സന്തോഷകരവുമായ റിട്ടയര്‍മ​െൻറ് ജീവിതം സാധ്യമാക്കാനുള്ള വഴികളും സമ്മേളനം ചര്‍ച്ചചെയ്യും. തിരിച്ചെത്തുന്നവരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വിഷയമാവും. എ.കെ. മൂസ, പി. സൈദാലിക്കുട്ടി, കെ. വിജയകുമാര്‍, പി.സി. വിനോദ്, ബെന്യാമിന്‍ എന്നിവരാണ് പ്രവാസത്തില്‍നിന്ന് തിരിച്ചെത്തിയവരില്‍നിന്നുള്ള ലോക കേരളസഭയിലെ പ്രതിനിധികള്‍. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രവാസി പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.