പുനലൂർ: പ്രവർത്തനം തടഞ്ഞ് എ.ഐ.വൈ.എഫുകാർ കൊടികുത്തിയതിൽ പ്രതിഷേധിച്ച് നിർമാണം നടന്ന വർക്ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച പ്രവാസിയായ പുനലൂർ വാഴമൺ ആലുവിള വീട്ടിൽ സുഗതെൻറ (64) മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കാനായി ശനിയാഴ്ച ഉച്ചക്ക് വാഴമണിലുള്ള സുഗതെൻറ വീട്ടിലേക്ക് വിലാപയാത്രയായി പോകുമ്പോഴാണ് പ്രതിഷേധം ഉയർന്നത്. വർക്ഷോപ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുനലൂർ തൂക്കുപാലത്തിന് സമീപമാണ് പാത ഉപരോധിച്ചത്. മരണത്തിന് ഉത്തരവാദികളായ എ.ഐ.വൈ.എഫുകാരടക്കമുള്ള രാഷ്ട്രീയനേതാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. മൃതദേഹവുമായി പുനലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധം തീർക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, സുഗതെൻറ വീട് സന്ദർശിക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജു എത്തുമെന്ന് അറിഞ്ഞതോടെ മന്ത്രിയെ തടയാൻ തീരുമാനിച്ചു. പ്രതിഷേധം കണക്കിലെടുത്ത് മന്ത്രി വരിെല്ലന്ന് അറിഞ്ഞതോടെയാണ് ഉപരോധം ദേശീയപാതയിലാക്കിയത്. അരമണിക്കൂർ നീണ്ട ഉപരോധം ഒടുവിൽ പൊലീസ് ഇടപെട്ട് അവസാനിപ്പിച്ചു. കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകി. തുടർന്ന് മൃതദേഹം കുടുംബവീട്ടിൽ സംസ്കരിച്ചു. ഏറെക്കാലം വിദേശത്തായിരുന്ന സുഗതൻ വർക്ഷോപ് തുടങ്ങാനായി വിളക്കുടി പഞ്ചായത്തിലെ പൈനാപിൾ ജങ്ഷന് സമീപം നേരത്തേ നികത്തിയ വയൽ വാടകക്ക് എടുക്കുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ എ.ഐ.വൈ.എഫുകാർ നിലം നികത്തിയെന്ന് ആരോപിച്ച് വർക്ക്ഷോപ്പിന് മുന്നിൽ കൊടിനാട്ടി. കൊടി നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സുഗതൻ പുനലൂരിലെയും വിളക്കുടിയിലെയും സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളെ വീട്ടിൽ ചെന്ന് പലതവണ കണ്ടെങ്കിലും ഫലമുണ്ടായില്ല. വർക്ക്ഷോപ് തുടങ്ങാൻ അനുവദിക്കിെല്ലന്നും കത്തിക്കുമെന്നും നേതാക്കളായ ചിലർ ഭീഷണിപ്പെടുത്തിയതായും അറിയുന്നു. വർക്ക്ഷോപ് തുടങ്ങാൻ വലിയ തുക മുടക്കുകയും ചെയ്തിരുന്നു. കൊടികുത്തിയുള്ള സമരവും കൂടിയായപ്പോൾ താങ്ങാനാകാതെയാണ് സുഗതന് വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിൽതന്നെ ജീവനൊടുക്കേണ്ടിവന്നതെന്ന് ബന്ധുക്കൾ പറയുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വർക്ക്ഷോപ് അസോസിയേഷൻ ജില്ല നേതാക്കൾ ഡിവൈ.എസ്.പിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.