ബജറ്റ് പ്രഖ്യാപനങ്ങളിലും ഉണരാതെ കശുവണ്ടി മേഖല

കൊല്ലം: കേന്ദ്ര, സംസ്ഥാന ബജറ്റുകൾ വന്നിട്ടും കശുവണ്ടി വ്യവസായ മേഖലയിൽ പ്രതീക്ഷ ഉണരുന്നില്ല. കേന്ദ്രസർക്കാർ തോട്ടണ്ടി ഇറക്കുമതി തീരുവ 2.5 ശതമാനം ഇളവനുവദിച്ചതും സംസ്ഥാന സർക്കാർ 74.45 കോടിയുടെ സഹായം പ്രഖ്യാപിച്ചതുമായിരുന്നു ഇരു ബജറ്റുകളിലും കശുവണ്ടി മേഖലക്ക് ലഭിച്ച പരിഗണന. കാഷ്യൂ ബോർഡ് വരുന്നതോടെ കശുവണ്ടി മേഖലയിൽ ഉണർവ് ഉണ്ടാകുമെന്നാണ് മന്ത്രി െജ. മേഴ്സിക്കുട്ടിയമ്മ പറയുന്നത്. തോട്ടണ്ടിയുടെ ഉയർന്ന വിലയും പരിപ്പി​െൻറ വിലക്കുറവുമാണ് വ്യവസായം നേരിടുന്ന പ്രതിസന്ധി. തോട്ടണ്ടി വിലകുറച്ച് ലഭ്യമാക്കാനാണ് കാഷ്യൂ ബോർഡ് കൊണ്ടുവരുന്നത്. പരിപ്പി​െൻറ വിപണനം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ നടപടിയില്ല. കശുവണ്ടിപ്പരിപ്പി​െൻറ ഇറക്കുമതി തടയാനോ കൂടുതൽ നികുതി ഏർപ്പെടുത്താനോ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ഇതെല്ലാമാണ് വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണം. ഫാക്ടറികൾ മുക്കാലും അടഞ്ഞുകിടക്കുകയാണ്. യന്ത്രവത്കൃത ശാലകളിൽ സംസ്കരിച്ച പരിപ്പ് കേരളത്തിലെ പരിപ്പി​െൻറ പകുതിയിൽ താഴെ വിലയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. കാലിത്തീറ്റ ഗണത്തിൽപെടുത്തി ഇറക്കുന്നതിനാൽ ഇത്തരം പരിപ്പിന് നികുതി അടയ്ക്കുകയും വേണ്ട. വിയറ്റ്നാമിൽനിന്നാണ് ഇത്തരം പരിപ്പ് എത്തുന്നത്. അത് തടയാൻ നടപടിവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കാഷ്യൂ കോർപറേഷനും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. അത് പരിഗണിച്ചതി​െൻറ സൂചനകളൊന്നും ബജറ്റിലില്ല. ആസിയാൻ കരാറനുസരിച്ച് വിയറ്റ്നാമിൽനിന്നുള്ള പരിപ്പ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിന് കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 74 കോടിയിൽ 17 കോടി കാഷ്യൂ ബോർഡിനായി നീക്കിവെച്ചിട്ടുണ്ട്. 21 കോടി കാഷ്യൂ കോർപറേഷന് നൽകും. കാപ്പക്സിന് ഒമ്പതുകോടി, ഫാക്ടറികളുടെ നവീകരണത്തിന് ആറുകോടി, കശുവണ്ടി അധിഷ്ഠിതമായ മൂല്ല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ഒരുകോടി, വ്യവസായം നിലനിർത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് 20 കോടി എന്നിങ്ങനെയാണ് നീക്കിെവച്ചിട്ടുള്ളത്. വ്യവസായം നിലനിർത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് നീക്കിെവച്ചിട്ടുള്ള തുക പീഡിത കശുവണ്ടി വ്യവസായ യൂനിറ്റുകൾക്ക് സഹായം എത്തിക്കുന്നതിനാകും നൽകുകയെന്നറിയുന്നു. നേരത്തേ, തോട്ടണ്ടി ഇറക്കുമതിക്ക് 10.97 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. അത് കഴിഞ്ഞ ബജറ്റിൽ അഞ്ചു ശതമാനമായും ഇത്തവണ 2.5 ശതമാനമായും കുറച്ചു. ഒക്ടോബറിൽ ടാൻസാനിയയിൽ തോട്ടണ്ടിയുടെ സീസൺ തുടങ്ങിയിരുന്നു. രണ്ടുലക്ഷം ടണ്ണോളമാണ് ഇവിടുത്തെ ഉൽപാദനം. ടാൻസാനിയയിൽ സീസൺ അവസാനിച്ചിട്ടും മിക്ക ഇന്ത്യൻ വ്യവസായികൾക്കും തോട്ടണ്ടി വാങ്ങാനായിരുന്നില്ല. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇപ്പോൾ സീസൺ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് നേരിട്ട് കശുവണ്ടി സംഭരിക്കാണ് കാഷ്യൂ ബോർഡ് രൂപവത്കരിക്കുന്നത്. ബോർഡ് നിലവിൽ വരാത്തതിനാൽ സംഭരണം തുടങ്ങാനായിട്ടില്ല. പ്രതിവർഷം 7000 കോടിയോളം രൂപയുടെ കശുവണ്ടിപ്പരിപ്പ് കയറ്റുമതിയാണ് നടക്കുന്നത്. നഷ്ടംവരുന്ന തുക സർക്കാർ നൽകാൻ തയാറായാൽ ഫാക്ടറികൾ തുറക്കാമെന്നാണ് വ്യവസായികളുടെ നിലപാട്. കയർ മേഖലയിൽ നൽകുന്നതുപോലുള്ള ഇൻകം സപ്പോർട്ട് സ്കീം നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതൊന്നും ബജറ്റുകളിൽ പരിഗണിക്കപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.