ജനറൽ ആശുപത്രി: കണ്ണുരോഗവിഭാഗത്തിന് 'കണ്ണിൽ ചോര'യില്ലെന്ന് ; അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെത്തുന്ന നിർധന നേത്രരോഗികളെ പരിശോധിക്കുന്നതിനുപകരം ജീവനക്കാർ സ്വകാര്യാശുപത്രിയിലേക്ക് പറഞ്ഞയക്കുന്നുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിേൻറതാണ് ഉത്തരവ്. ജനറൽ ആശുപത്രിയിലെ നേത്രപരിശോധനാവിഭാഗത്തിൽ ഡോക്ടർമാർ സാധാരണ കാണാറില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിൽ ആരോപിക്കുന്നു. നാലു ഡോക്ടർമാരുണ്ടെങ്കിലും ഒരാൾ മാത്രമാണ് ഡ്യൂട്ടിയിൽ കാണാറുള്ളത്. വകുപ്പുതല സമ്മേളനങ്ങളുടെ പേര് പറഞ്ഞാണ് മറ്റുള്ളവർ 'മുങ്ങു'ന്നതെന്ന് പരാതിയിൽ പറയുന്നു. ഒരു ഡോക്ടർ മാത്രമാണുള്ളതെങ്കിൽ രാവിലെ 11 മണിവരെ മാത്രമേ രോഗികളെ പരിശോധിക്കാറുള്ളൂ. രാവിലെ എട്ടു മുതൽ ഒന്നുവരെയാണ് ഒ.പി. സമയം. 11കഴിഞ്ഞെത്തുന്നവരെ സമീപത്തെ സ്വകാര്യാശുപത്രിയിലേക്ക് പറഞ്ഞുവിടുമെന്നും പരാതിയിൽ പറയുന്നു. മറ്റ് വിഭാഗങ്ങൾ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലല്ല നേത്രരോഗവിഭാഗം പ്രവർത്തിക്കുന്നത്. സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഒ.പി.യിൽ നിന്നും അകലെ മറ്റൊരു കെട്ടിടത്തിലാണ് കണ്ണ് പരിശോധന നടത്തുന്നത്. ആശുപത്രിക്ക് പുറത്ത് വിവിധ ക്ലിനിക്കുകൾ എവിടെയാണെന്ന് വ്യക്തമാക്കുന്ന ഒരു ബോർഡ് സ്ഥാപിക്കുകയാണെങ്കിൽ ഉപകാരപ്രദമായിരിക്കുമെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.