പോരാട്ടവീര്യവും മങ്ങലേൽക്കാത്ത വിശ്വാസ്യതയുമായി സുധാകർ റെഡ്​ഡിക്ക്​ മൂന്നാമൂഴം...

കൊല്ലം: 10ാം ക്ലാസിൽ പഠിക്കുമ്പോൾ പാഠപുസ്തകങ്ങൾക്കും ബ്ലാക്ക്ബോർഡിനും വേണ്ടി തുടങ്ങിയതാണ് സുരവരം സുധാകർ റെഡ്ഡിയെന്ന എസ്. സുധാകർ റെഡ്ഡിയുടെ സമരജീവിതം. ആ സമരവീര്യമാണ് മൂന്നാമതും സി.പി.െഎയെ നയിക്കാനുള്ള അവസരം അദ്ദേഹത്തെ ഏൽപ്പിക്കാൻ പാർട്ടി കോൺഗ്രസിനെ പ്രേരിപ്പിച്ചതും. എ.ബി. ബർദനു ശേഷം അങ്ങനെ പാർട്ടിയുടെ വിശ്വാസ്യത നൂറ്റിയൊന്ന് ശതമാനം തിളക്കത്തോടെ പിടിച്ചുപറ്റാൻ സുധാകർ റെഡ്ഡിക്ക് സാധിച്ചുവെന്നാണ് 23ാം പാർട്ടി കോൺഗ്രസ് വ്യക്തമാക്കുന്നതും. കുടിയേറ്റ തൊഴിലാളികളുടെ കണ്ണീരും വിയര്‍പ്പും പോരാട്ടങ്ങളുംകൊണ്ട് പടുത്തുയര്‍ത്തിയ മെഹബൂബ് നഗര്‍ ജില്ലയില്‍പ്പെട്ട പാരാമുരയിലെ കുഞ്ച്‌പോട് എന്ന, വീരതെലങ്കാനയുടെ ഐതിഹാസിക പാരമ്പ്യമുള്ള മണ്ണില്‍നിന്നാണ് എസ്. സുധാകര്‍ റെഡ്ഡിയുടെ ജീവിതം ആരംഭിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തി​െൻറ ഭാഗമായ തെലങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളായി 1942 മാര്‍ച്ച് 24ന് എസ്. സുധാകര്‍ റെഡ്ഡി ജനിച്ചത്. സമീപ ജില്ലയായ കുര്‍ണൂലിലായിരുന്നു സ്‌കൂളും തുടര്‍ന്നുള്ള വിദ്യാഭ്യാസവും. വിദ്യാർഥിയായിരിക്കുേമ്പാൾ പോരാട്ടത്തിനായി ഇറങ്ങിത്തിരിച്ച സുധാകര്‍ റെഡ്ഡി വെങ്കിടേശ്വര യൂനിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എ.ഐ. എസ്.എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ബി.എ ഹിസ്റ്ററിക്ക് ശേഷം ഒസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. നിയമ വിദ്യാഭ്യാസ കാലത്ത് കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാൻറ് സ്ഥാപനത്തിനുവേണ്ടി സമരം ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു സുധാകര്‍ റെഡ്ഡി. എല്‍എല്‍.എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ അദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയാക്കി. രണ്ട് തവണ എ.ഐ.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് എ.ഐ.വൈ.എഫ് അധ്യക്ഷൻ. 1968ല്‍ സി.പി.െഎ ദേശീയ കൗണ്‍സില്‍ അംഗമായി. ഡല്‍ഹിയില്‍നിന്നും 70 കളുടെ മധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്ത് വീണ്ടും സജീവമായി. തുടര്‍ന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയായും പിന്നീട് സംസ്ഥാനസെക്രട്ടറിയായും അദ്ദേഹം െതരഞ്ഞെടുക്കപ്പെട്ടു. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിരവധി പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സുധാകര്‍ പല തവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. 12ാം ലോക്‌സഭയിലും 14ാം ലോക്‌സഭയിലും അംഗമായിരുന്നു. 2008ല്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ െഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി. 2012ല്‍ പട്നയില്‍ 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവും എ.ഐ.ടി.യു.സി വര്‍ക്കിങ് വിമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യ കോ-കണ്‍വീനറുമായ ബി.വി. വിജയലക്ഷ്മിയാണ് ഭാര്യ. നിഖിലും കപിലുമാണ് മക്കള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.