സിവിൽ സർവിസിൽ സദ്ദാം നവാസ് നേടിയത് മലയാളം മധുരിക്കുന്ന വിജയം

കടയ്ക്കൽ: സർക്കാർ കലാലയങ്ങളുടെ ചൂടും ചൂരും നെഞ്ച് ചേർത്ത് സദ്ദാം നവാസ് നേടിയത് മലയാളം മധുരിക്കുന്ന വിജയം. ആദ്യശ്രമത്തിലെ പരാജയത്തിൽ പതറാതെ രണ്ടാം വട്ടം പരീക്ഷയെഴുതി സിവിൽ സർവിസ് നേടിയ ഡോ. സദ്ദാം നവാസ് ചിതറ ഗ്രാമത്തിന് അഭിമാനമായി. പരീക്ഷ മലയാളത്തിലെഴുതിയാണ് റാങ്ക് നേടിയതെന്ന പ്രത്യേകതയുമുണ്ട്. ചിതറ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദ്ദീ​െൻറ മകനാണ് ഹോമിയോ ഡോക്ടറായ സദ്ദാം നവാസ്. ചിതറ ഗവ.എൽ.പി സ്കൂളിലും ഗവ.ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ഹോമിയോയിൽ ബിരുദം നേടി പ്രാക്ടീസ് തുടങ്ങി. ഇതിനിടയിലും കുട്ടിക്കാലത്തേയുള്ള സിവിൽ സർവിസ് മോഹം വിടാതെ പിന്തുടർന്നു. കഴിഞ്ഞ വർഷം പരീക്ഷയെഴുതിയെങ്കിലും വിജയിക്കാനായില്ല. ആദ്യശ്രമത്തിലെ പരാജയം മുഖവിലയ്ക്കെടുക്കാതെ വീണ്ടും പരിശ്രമിച്ചപ്പോൾ വിജയം ഒപ്പമെത്തുകയായിരുന്നു. ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കൽ കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി, കോളജ് യൂനിയൻ ചെയർമാൻ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട് ഇദ്ദേഹം. സി.പി.എം ജില്ലാ കമ്മറ്റി അംഗം കരകുളം ബാബു, ഏരിയാ കമ്മിറ്റി അംഗം കെ. വിജയന്‍ ചിതറ, എല്‍.സി അംഗം എം.എം. റാഫി തുടങ്ങിയവര്‍ വീട്ടിലെത്തി സദ്ദാം നവാസിനെ അനുമോദിച്ചു. ഷാനവാസ്, മുബീന, റുബീന എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.