പേരൂർക്കട പഞ്ചകർമ ചികിത്സാകേന്ദ്രത്തിന് പുതിയ ഏഴുനില കെട്ടിടം

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി--വർഗ വികസന സഹകരണ ഫെഡറേഷ​െൻറ നേതൃത്വത്തിൽ പേരൂർക്കടയിൽ പ്രവർത്തിക്കുന്ന പഞ്ചകർമ ചികിത്സാ കേന്ദ്രത്തിന് പുതുതായി നിർമിക്കുന്ന ഏഴുനില കെട്ടിടത്തി​െൻറ ശിലാസ്ഥാപനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 17 വർഷമായി നഷ്ടത്തിലായിരുന്ന ഫെഡറേഷൻ 2017--18 സാമ്പത്തിക വർഷം മുതൽ ലാഭത്തിലായതായി മന്ത്രി പറഞ്ഞു. ഫെഡറേഷനു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സംഘങ്ങളും ലാഭത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കും. ഫെഡറേഷ​െൻറ സ്ഥാപനമായ ആയുർധാര കലർപ്പില്ലാത്ത ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്യുന്നുണ്ട്. വനത്തിൽ ലഭ്യമായ അപൂർവങ്ങളായ ഔഷധസസ്യങ്ങൾ പട്ടികജാതി-വർഗത്തിൽപെട്ടവർ ശേഖരിച്ചു കൊണ്ടുവരുന്നതാണ്. പഞ്ചകർമ ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ അംഗങ്ങൾക്കുള്ള വായ്പ വിതരണം ചെയ്തു. ഫെഡറേഷനുവേണ്ടിയുള്ള സോളാർ പാനൽ, കമ്പ്യൂട്ടറൈസേഷൻ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സഹകരണ ഫെഡറേഷൻ പ്രസിഡൻറ് വേലായുധൻ പാലക്കണ്ടി, സ്വാഗതം പറഞ്ഞു. ഫെഡറേഷൻ മാനേജിങ് ഡയറക്ടർ പി. ഡോൺ ബോസ്‌കോ, സഹകരണസംഘം രജിസ്ട്രാർ ഡോ. സജിത് ബാബു, കുടപ്പനക്കുന്ന് കൗൺസിലർ എസ്. അനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.എസ്. രാജലാൽ, വട്ടിയൂർക്കാവ് ശ്രീകുമാർ, എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ജയചന്ദ്രൻ, സഹകരണ ഫെഡറേഷൻ വൈസ് പ്രസിഡൻറ് എസ്. സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു. മാനസികാരോഗ്യപദ്ധതികൾക്ക് 14.1 കോടി രൂപ തിരുവനന്തപുരം: നടപ്പു സാമ്പത്തികവർഷം മാനസികാരോഗ്യ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 14.1 കോടി രൂപ അനുവദിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് 6.6 കോടി രൂപയും സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിലുള്ള പകൽ വീടുകൾക്ക് ആറുകോടി രൂപയും തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിന് 1.5 കോടി രൂപയുമാണ് അനുവദിച്ചത്. നിർധന രോഗികൾക്ക് ചികിത്സാ ധനസഹായം ചെയ്യുന്ന സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻറ് ടു പുവറിന് 5.5 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും സമഗ്ര മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി പകൽവീടുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുണ്ട്. മാനസികരോഗം നിയന്ത്രണവിധേയമാക്കിയവരെയും ഭേദമായവരെയും തുടർചികിത്സയിലൂടെയും പരിശീലനങ്ങളിലൂടെയും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ പകൽവീടുകൾ ആരംഭിച്ചത്. സൗജന്യചികിത്സ, ഭക്ഷണം കൂടാതെ തൊഴിലധിഷ്ഠിത തെറാപ്പിയും ഇവിടെ നൽകുന്നു. മാനസികാരോഗ്യ ചികിത്സ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമൊതുങ്ങാതെ പ്രാഥമിക തലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ് ജില്ലാ മാനസികാരോഗ്യ പരിപാടി. ഇപ്പോൾ മാസത്തിലൊരിക്കൽ തെരഞ്ഞെടുത്ത കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ മാനസികാരോഗ്യ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ഇത് വ്യാപകമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാൻസർ, ഗുരുതര വൃക്കരോഗം, കരൾ രോഗം എന്നീ മാരകരോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന നിർധനരോഗികൾക്ക് മെഡിക്കൽ കോളജുകൾ, ആർ.സി.സി എന്നിവിടങ്ങളിൽ ചികിത്സക്ക് 50,000 രൂപ വരെ ഡോക്ടർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.