വകുപ്പ് മന്ത്രിയുടെ നാട്ടിലെ വനം റേഞ്ചിൽ ആകെ രജിസ്​റ്റർ ചെയ്തത് മൂന്ന്​ കേസുകൾ മാത്രം

കുളത്തൂപ്പുഴ: വനം മന്ത്രിയുടെ മണ്ഡലത്തിലെ റേഞ്ചിൽ വർഷം ആകെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ മാത്രം. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നതി​െൻറ പത്തിലൊന്ന് കേസുകൾ മാത്രം രജിസ്റ്റർ ചെയ്തത് വിമർശത്തിനിടയാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ 40 മുതൽ 60ഒാളം വനം കൊള്ള കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന കുളത്തൂപ്പുഴ വനം റേഞ്ചിൽ കഴിഞ്ഞവർഷം മൂന്ന് കേസുകൾ മാത്രമായി മാറുകയായിരുന്നു. പരിസ്ഥിതി ദുർബലപ്രദേശത്ത് നിർമാണപ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു കേസും സംരക്ഷിത വനമേഖലയിലൂടെ അനധികൃതമായി റോഡ് വെട്ടിയതി​െൻറ പേരിൽ മറ്റൊന്നുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുളത്തൂപ്പുഴ മുതൽ പാലോട് വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ വനപ്രദേശമാണ് കുളത്തൂപ്പുഴ വനം റേഞ്ചി​െൻറ അധീനതയിലുള്ളത്. ശെന്തുരുണി വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന ഉൾവനങ്ങൾ ഉൾപ്പെടെയുള്ള വനമേഖലയിൽ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതിനായി വേട്ടസംഘങ്ങൾ സ്ഥിര സാന്നിധ്യമാണ്. മുൻവർഷങ്ങളിൽ ആനക്കൊമ്പ് കടത്തിയ കേസുകൾ പ്രദേശത്ത് പലതുമുണ്ടായിരുന്നു. മുമ്പ് ശംഖിലിയിൽനിന്ന് വേട്ടയാടിയ ആനക്കൊമ്പുകൾ വിദേശത്തേക്ക് കടത്താനായി കൊത്തുപണികൾ നടത്തുന്നതിനിടെ പിടികൂടിയ സംഭവമടക്കം നിരവധി കേസുകൾ റേഞ്ചി​െൻറ പരിധിയിൽ ഉണ്ടായിട്ടുണ്ട്. കൂടാതെ റേഞ്ച് ഓഫിസ് പടിക്കൽ നിന്നിരുന്ന ചന്ദനമരങ്ങളും കുളത്തൂപ്പുഴ ടൗണിലും പരിസരങ്ങളിലുമുണ്ടായിരുന്നവയും പലപ്പോഴായി മുറിച്ചുകടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴ, തെന്മല വനം റേഞ്ചുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവയെല്ലാം എങ്ങുമെത്താതെ അവസാനിച്ചതായി ജീവനക്കാർതന്നെ പറയുന്നു. ഏതാനും മാസം മുമ്പ് ശംഖിലി, പാണ്ടിമൊട്ട വനപ്രദേശങ്ങളിൽ കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തുകയും വനം വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് വനത്തിനുള്ളിൽതന്നെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. പലപ്പോഴും ചരിഞ്ഞത് പിടിയാനയാണെന്ന റിപ്പോർട്ട് വെറ്ററിനറി ഡോക്ടർമാരിൽനിന്ന് നേടി വനം വകുപ്പ് ഉദ്യോഗസ്ഥർ തടിയൂരുകയാണ് ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. കുളത്തൂപ്പുഴ വനമേഖല ഉൾപ്പെട്ട അഞ്ചൽ, തെന്മല വനം റേഞ്ചിലെ സ്ഥിതിയും വ്യത്യസ്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.