ലൈഫ് പദ്ധതി വന്നിട്ടും നിങ്ങളെന്തിനാണ് ഈ വൃദ്ധദമ്പതികളെ മഴയത്ത് നിർത്തിയിരിക്കുന്നത്?

*ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന വൃദ്ധദമ്പതികൾ ലൈഫ് പദ്ധതി പട്ടികയിൽനിന്ന് പുറത്ത് കാട്ടാക്കട:- മഴയത്ത് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്ന വൃദ്ധദമ്പതികള്‍ ലൈഫ് പദ്ധതിയില്‍നിന്ന് പുറത്ത്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍ വാര്‍ഡില്‍ ഉദിയന്‍കോണം തടത്തരികത്ത് വീട്ടില്‍ നെത്സ​െൻറ(63) അപേക്ഷയാണ് പദ്ധതിയില്‍ ഉള്‍പ്പെടാതെ പുറത്തായത്. രോഗിയായ ഭാര്യ തെരേസമ്മയും നെത്സനുമായി 10 വര്‍ഷത്തോളമായി ഭിത്തികൾ ഇടിഞ്ഞതും മേൽക്കൂര ചോരുന്നതുമായ ഈ കൂരയിലാണ് കഴിയുന്നത്. അടച്ചുറപ്പുള്ള, ചോരാത്ത വീട്ടില്‍ താമസിക്കാനുള്ള മോഹവുമായി നിര്‍ധനരായ നെത്സനും ഭാര്യ തെരേസമ്മയും വീട് കിട്ടുന്നതിനായി അധികൃതര്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ക്ക് കണക്കില്ല. അപേക്ഷ നല്‍കുമ്പോെഴാെക്ക അടുത്ത് നല്‍കുമെന്ന ഉറപ്പാണ് അധികൃതര്‍ നല്‍കിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി പഞ്ചായത്ത് ഒാഫസിലും വില്ലേജ് ഒാഫിസിലും കയറിയിറങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെങ്കിലും പട്ടികയായപ്പോൾ നെത്സനും കുടുംബവും പുറത്തായി. വീടുണ്ടെന്ന് കാരണത്താലാണ് ഇവര്‍ പട്ടികയിൽനിന്ന് പുറത്തായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്വന്തമായുള്ളത് മൂന്നര സ​െൻറ് വസ്തുവും കാറ്റില്‍ നിലംപതിക്കാറായ വീടുമാണ്. മക്കള്‍ വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് പോയി. വല്ലപ്പോഴും കൂലിപ്പണിചെയ്ത് കിട്ടുന്ന വരുമാനമാണ് ഇവരുടെ ഏക ആശ്രയം. ഷീറ്റ് മേഞ്ഞ വീട്ടില്‍ മേല്‍ക്കൂര പൊട്ടിപ്പൊളിഞ്ഞതുകാരണം ടാര്‍പോളിനും ഫ്ലക്സും വിരിച്ചാണ് മഴയില്‍നിന്ന് സംരക്ഷണം നേടുന്നത്. ചുവരുകള്‍ ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീട് കിട്ടുന്ന പദ്ധതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിക്കാനാണ് വൃദ്ധ ദമ്പതികളുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.