മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി ജില്ലയിലെ അംഗൻവാടികൾ കഴിഞ്ഞ വർഷം അംഗൻവാടികൾക്കായി ചെലവഴിച്ചത് 60.60 ലക്ഷം 86 അംഗപരിമിത വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പായി 5,90,000 രൂപ

തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞവർഷം അംഗൻവാടികൾ പുതുതായി നിർമിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കുമായി 60.60 ലക്ഷം ചെലവഴിച്ചതായി ജില്ലാ സാമൂഹികനീതി ഓഫിസർ എൽ. രാജൻ . ഇതിൽ അംഗൻവാടികൾ നിർമിക്കാനാവശ്യമായ സ്ഥലം വാങ്ങൽ, അറ്റകുറ്റപ്പണി, കളിപ്പാട്ടം, ബേബി ബെഡ്, ഫർണിച്ചർ, കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മുതിർന്ന പൗരന്മാർക്കായുള്ള പകൽവീടുകൾ നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി മൂന്നു ലക്ഷം രൂപ കഴിഞ്ഞവർഷം ജില്ലയിൽ ചെലവഴിച്ചിട്ടുണ്ട്. പാറശ്ശാല, നെടുമങ്ങാട്, വർക്കല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കാട്ടാക്കട, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് അംഗൻവാടികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. വാമനപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ നിലവിലുള്ള അംഗൻവാടികളിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ഏഴുപേർക്ക് മെഡിക്കൽ ബോർഡി​െൻറ സാക്ഷ്യപത്രപ്രകാരം സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കളായ 182 പേർക്ക് സ്കോളർഷിപ്പും വിതരണം ചെയ്തു. കൂടാതെ ഭിന്നശേഷിയുള്ള 120 കുട്ടികൾക്ക് 3,60,000 രൂപ ചെലവഴിച്ച് യൂനിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ 444 കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായവും 86 അംഗപരിമിത വിദ്യാർഥികൾക്ക് 5,90,000 രൂപ സ്‌കോളർഷിപ്പും അനുവദിച്ചിട്ടുണ്ട്. അംഗപരിമിതരായ പെൺകുട്ടികൾക്കും അംഗപരിമിതരായ രക്ഷാകർത്താക്കളുടെ പെൺമക്കൾക്കുമായി 71 പേർക്ക് വിവാഹ ധനസഹായം അനുവദിച്ചു. ഭിന്നലിംഗക്കാരുടെ ഉന്നമനം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണെന്നും താമസിയാതെ അതി​െൻറ പ്രയോജനം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും ജില്ലാ സാമൂഹികനീതി ഓഫിസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.