ട്രെയിനർമാരുടെ മക്കൾ അൺ എയ്ഡഡ് സ്കൂളിൽ; പരിശീലകരെ തടഞ്ഞ് അധ്യാപക സംഘടന

കിളിമാനൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി അധ്യാപകരടക്കം സർക്കാർ ജീവനക്കാർ സ്വന്തം മക്കളെ സർക്കാർ പള്ളിക്കൂടങ്ങളിൽ ചേർത്ത് പഠിപ്പിക്കണമെന്ന നിർദേശം നിലനിൽക്കെ, ബി.ആർ.സി ട്രെയ്നർമാരുടെ മക്കൾ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതിൽ പ്രതിഷേധിച്ച് പരിശീലനത്തിനെത്തിയ അധ്യാപകരുടെ സംഘടന ട്രെയ്നർമാരെ തടഞ്ഞു. ഏറെനേരം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഇവരുമായി സംസാരിച്ച് കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ ചേർക്കാനുള്ള നടപടി സ്വീകരിക്കാമെന്ന ബി.പി.ഒയുടെ അഭ്യർഥനയെ തുടർന്ന് പ്രതിഷേധം നിർത്തുകയായിരുന്നു. കിളിമാനൂർ ഉപജില്ലയിലെ ബി.ആർ.സി ട്രെയ്നിങ് ക്യാമ്പിലാണ് ബുധനാഴ്ച പ്രക്ഷുബുധ രംഗങ്ങൾ അരങ്ങേറിയത്. കിളിമാനൂർ ഗവ. എൽ.പി സ്കൂളിലാണ് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബുധനാഴ്ച അധ്യാപക പരിശീലനം ആരംഭിച്ചത്‌. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ പരമാവധി ആകർഷിക്കുകയെന്നതാണ് ട്രെയ്നിങ് ക്യാമ്പി​െൻറ പ്രധാന ലക്ഷ്യം. അതേസമയം കുട്ടികളെ സർക്കാർ, -അർധസർക്കാർ സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് പറയുന്ന ഇതേ ട്രെയ്നർമാരിൽ പലരുടെയും മക്കൾ അൺ എയ്ഡഡ് സ്കൂളുകളിലാണ് പഠിക്കുന്നത് എന്നാരോപിച്ചാണ് സി.പി.ഐ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു പ്രതിഷേധിക്കുകയും ട്രെയ്നർമാരെ തടഞ്ഞുെവക്കുകയും ചെയ്തത്. ചൊവ്വാഴ്ച കിളിമാനൂർ ബി.ആർ.സിയിൽ ചേർന്ന അംഗീകൃത അധ്യാപക സംഘടനകളുടെ യോഗത്തിലും എ.കെ.എസ്.ടി.യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്ന രാഷ്ട്രീയക്കാരും ചില അധ്യാപകരും സ്വന്തം മക്കളെ അൺ എയ്ഡഡ് സ്കൂളിലാണ് പഠിപ്പിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ബോധവത്കരണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ ട്രെയിനിങ് കാലത്തും അവർ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അന്നത്തെ ട്രെയ്നർമാരിൽ മൂന്നുപേർ സ്വന്തം കുട്ടികളെ തുടർന്ന് പൊതുവിദ്യാലയങ്ങളിൽ ചേർത്തു. ട്രെയ്നർമാർ, കോഒാഡിനേറ്റർമാർ, സ്കൂളുകളിലെ അധ്യാപകർ അടക്കം ബി.ആർ.സിയിൽ 70പേരാണ് നിലവിൽ പരിശീലകരെന്നും അവരിൽ രണ്ടുപേരുടെ കുട്ടികൾ മാത്രമാണ് ഇപ്പോൾ അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതെന്നും കിളിമാനൂർ ബി.ആർ.സി ബി.പി.ഒ സുരേഷ് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ എയ്ഡഡ് സ്കൂളുകളിൽനിന്ന് തസ്തിക നഷ്ടപ്പെട്ടവരാണ് നിലവിൽ ബി.ആർ.സിയിൽ ട്രെയ്നർമാരായുള്ളതെന്നും അൺ എയ്ഡഡ് സ്കൂളുകളെ പൂർണമായി നിർത്തലാക്കാത്ത സാഹചര്യത്തിൽ അധ്യാപർക്ക് കർശന നിർദേശം നൽകാൻ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ട്രെയ്നർമാരിൽനിന്ന് യുക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പരിശീലന ക്യാമ്പ് തടയുന്നതടക്കമുള്ള സമരമാർഗങ്ങളിലേക്ക് തിരിയുമെന്നും എ.കെ.എസ്.ടി.യു ഉപജില്ലാ ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.