കുട്ടികളെ പിടിക്കാൻ വമ്പൻ ഒാഫറുകളുമായി സ്വകാര്യ സ്കൂളുകൾ

*രക്ഷിതാക്കൾ ഡി.ഡിക്ക് പരാതി നൽകി ആറ്റിങ്ങല്‍: പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ എയിഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ വമ്പന്‍ ഓഫറുകളുമായി വീടുകള്‍ തോറും കയറിയിറങ്ങി വിദ്യാർഥികളെ ചാക്കിലാക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ ഡി.ഡിക്ക് പരാതി നല്‍കിയതോടെ വിഷയം വിവാദമായിരിക്കുകയാണ്. വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അധ്യാപക നിയമനം നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കാനാണിവരുടെ ലക്ഷ്യം. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പാഠപുസ്തകങ്ങളും യൂനിഫോമും നഗരസഭയും ഗ്രാമപഞ്ചായത്തുകളും നല്‍കുന്ന ബാഗും കുടയും തങ്ങള്‍ പണം നല്‍കി വാങ്ങി നല്‍കാമെന്ന ഓഫറുകളുമായാണ് ഇവര്‍ വീടുകള്‍ തോറും കയറി ഇറങ്ങുന്നത്. നിശ്ചിത തുക കുട്ടികളുടെ പേരില്‍ ബാങ്ക് നിക്ഷേപമായി നല്‍കുന്ന പദ്ധതിയും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ പഠനം കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് നിക്ഷേപ സര്‍ട്ടിഫിക്കറ്റ് രക്ഷിതാക്കള്‍ക്ക് കൈമാറും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ വിപുലമായി നവീകരിക്കുകയും ബൃഹത്തായ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എയ്ഡഡ് സ്കൂളുകള്‍ കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയത്. ഇവ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ പറയുന്നു. സൗജന്യ പാഠപുസ്തകങ്ങള്‍ക്കും നിക്ഷേപപദ്ധതിക്കും പുറമെ ചില എയിഡഡ് സ്‌കൂള്‍ അധികൃതര്‍ സൗജന്യ ബസ് യാത്രയും ഓഫര്‍ നല്‍കിയാണ് വിദ്യാർഥികളെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനുപുറമെ രക്ഷിതാവിന് പണം നല്‍കി പ്രവേശനം ഉറപ്പാക്കുന്നരീതിയും ചിലര്‍ പ്രയോഗിക്കുന്നുണ്ട്. മുപ്പത് കുട്ടികള്‍ അധികമായി ലഭിച്ചാല്‍ ഒരു അധ്യാപക നിയമനം വഴി മുപ്പത് ലക്ഷമാണ് മാനേജറുടെ കീശയില്‍ വീഴുന്നത്. ചില എയിഡഡ് സ്‌കൂളുകളില്‍ മുപ്പതിലധികം അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി നോക്കിവരുന്ന സാഹചര്യവും ഈ മേഖലയില്‍തന്നെ നിലവിലുണ്ട്. മിക്ക എയിഡഡ് സ്‌കൂളുകളിലും ശമ്പളമില്ലാത്ത അധ്യാപകര്‍ നിരവധിയാണ്. ഇവരെല്ലാം മുന്‍കൂട്ടി പണം നല്‍കി ജോലിക്ക് കയറിയവരാണ്. ഇത്തരക്കാര്‍ക്ക് ജോലി ഉറപ്പിക്കാനാണ് ഈ ചാക്കിട്ടുപിടിത്തം. നേരത്തേ അണ്‍ എയിഡഡ് മേഖലയില്‍ കൈവെച്ചവര്‍ ഇക്കുറി സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാർഥികളെയും ചാക്കിലാക്കിയതോടെ പല സര്‍ക്കാര്‍ എല്‍.പി, യു.പി സ്‌കൂളുകളുടെയും നില പരുങ്ങലിലായിരിക്കുകയാണ്. അവര്‍ പ്രതീക്ഷിച്ച പ്രവേശനം നടന്നില്ലെന്നാണ് വിലയിരുത്തല്‍. ഇതിനെല്ലാം പുറമെ കുട്ടികള്‍ കുറവുള്ള സ്‌കൂളുകള്‍ പൂട്ടുമെന്ന പ്രചാരണവും ഇവര്‍ നടത്തുന്നുണ്ട്. സ്വകാര്യ എയ്ഡഡ് സ്കൂളുകളുടെ ഫീല്‍ഡ് വര്‍ക്കി​െൻറ വിഡിയോയും ഫോണ്‍ വിളി ശബ്ദരേഖകളും അടക്കമാണ് രക്ഷിതാക്കള്‍ ഡി.ഡിക്ക് പരാതിനല്‍കിയത്. ഇവരുടെ ചാക്കിട്ടുപിടിത്തത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.