പുനലൂരിന്​ ഇനി ജലസമൃദ്ധിയുടെ കാലം മീനാട് പദ്ധതിയിൽനിന്ന് വെള്ളം ലഭ്യമാക്കാൻ പൈപ്പിടീൽ തുടങ്ങി

പുനലൂർ: പുനലൂർ ടൗണിൽ മീനാട് (ജപ്പാൻ) കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം ലഭ്യമാക്കാൻ പൈപ്പ് സ്ഥാപിക്കൽ തുടങ്ങി. രണ്ട് മാസത്തിനകം നഗരസഭ മേഖലയിൽ പുതിയ ലൈനിൽനിന്ന് ശുദ്ധജലം ലഭ്യമാകും. നിത്യേന അഞ്ച് എം.എൽ.ഡി ജലം ലഭിക്കും. മീനാട് പദ്ധതിയുടെ പനങ്കുറ്റിമലയിലെ ജല ശുദ്ധീകരണ പ്ലാൻറിൽ നിന്ന് പുനലൂരിലെ ജലവിതരണ പദ്ധതിയുടെ പ്രധാന ജലസംഭരണിയിലേക്ക് ശുദ്ധജലം എത്തിക്കും. ഇവിടെ നിന്ന് എല്ലാ വാർഡുകളിലേക്കും അവശ്യാനുസരണം വിതരണം ചെയ്യും. നഗരത്തിലെ ഉയരമേറിയ സ്ഥലങ്ങളിലും ഇനി വെള്ളം യഥേഷ്ടം ലഭിക്കും. ഇതോടെ ഇപ്പോൾ നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ജപ്പാൻ പദ്ധതിയിൽനിന്ന് പുനലൂരിനും ശുദ്ധജലം ലഭിക്കുകയെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. ഇതിനായി നഗരസഭ വാട്ടർ അതോറിറ്റിയിൽ 3.10 കോടി അടച്ചിരുന്നു. ജലസംഭരണിയിൽനിന്ന് തിരികെ പുനലൂർ മേഖലയിലേക്ക് വെള്ളം ലഭ്യമാക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ പൈപ്പ് മാറ്റാൻ 1.31 കോടി കൂടി നഗരസഭ വാട്ടർ അതോറിറ്റിക്ക് നൽകും. ജലസംഭരണിയിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ പഴയ ജലവിതരണ പൈപ്പ് മാറ്റും. തൊളിക്കോട് പുനലൂർ വാട്ടർ സപ്ലൈ സ്കീമി​െൻറ ലൈനിലേക്ക് മീനാട് പദ്ധതിയുടെ പൈപ്പ് ബന്ധിപ്പിച്ച് വെള്ളം ലഭ്യമാക്കാൻ നേരത്തേ ശ്രമിച്ചിരുന്നു. എന്നാൽ, 35 വർഷം പഴക്കമുള്ള പൈപ്പുകളായതിനാൽ ജലവിതരണ ഘട്ടത്തിൽ പൈപ്പ് പൊട്ടൽ പതിവായി. ഇതൊഴിവാക്കാനാണ് പ്രധാന പൈപ്പ് ലൈൻ മാറ്റി കാസ്റ്റ് അയൺ പൈപ്പിടുന്നത്. തൊളിക്കോട് മുതൽ പുനലൂർ ജലസംഭരണി വരെ പൈപ്പിടുന്നതി​െൻറ ഉദ്ഘാടനം തൊളിക്കോട്ട് നടന്ന ചടങ്ങിൽ ചെയർമാൻ എം.എ. രാജഗോപാൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. പ്രഭ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ലളിതമ്മ, പ്രതിപക്ഷ നേതാവ് നെൽസൺ െസബാസ്റ്റ്യൻ, കൗൺസിലർമാരായ കെ. രാജശേഖരൻ, ജി. ജയപ്രകാശ്, വാട്ടർ അതോറിറ്റി അസി.എക്സി എൻജിനീയർ അർച്ചന, അസി. എൻജിനീയർ എസ്. ജലജകുമാരി, ഓവർസിയർ പ്രകാശ് എന്നിവർ സംസാരിച്ചു. പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡരിക് ഇൻറർലോക്ക് ടൈലുകൾ പുനഃസ്ഥാപിച്ച് പാത മനോഹരമാക്കും. തൊളിക്കോട്, മണിയാർ, പരവട്ടം, അഷ്ടമംഗലം ഭാഗങ്ങളിലെ പഴയ എ.സി. പൈപ്പ് മാറ്റി പി.വി.സി പൈപ്പും സ്ഥാപിക്കും. മീനാട് പദ്ധതിയിൽനിന്ന് വെള്ളം ലഭ്യമാകുന്നതോടെ അടുത്ത 10 വർഷത്തേക്ക് പുനലൂരിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. ഭാവിയിൽ പുനലൂരിന് പുതിയ ജലവിതരണ ബൃഹത്പദ്ധതി നടപ്പാക്കാൻ 136 കോടിയുടെ പദ്ധതി വാസ്ക്കോൺ തയാറാക്കി അനുമതിക്കായി രൂപരേഖ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. കുര്യോട്ടുമല പദ്ധതിയിൽനിന്ന് പുനലൂരിന് ജലം ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.