വാട്ടർ അതോറിറ്റി പരിശോധന നിലച്ചു; കുടിവെള്ള ദുരുപയോഗം വ്യാപകം പരിശോധനക്ക്​ സൗകര്യങ്ങളില്ലെന്ന് അധികൃതർ

കൊട്ടിയം: കുടിവെള്ള ക്ഷാമം രൂക്ഷമായ കൊട്ടിയത്ത് പൈപ്പ് ജലം ദുരുപയോഗം ചെയ്യുന്നതായി പരാതി. ഫോണിലൂടെയും നേരിട്ടും നിരവധി പരാതികൾ ലഭിച്ചിട്ടും പരിശോധന നടത്തി നടപടിയെടുക്കാൻ കഴിയാതെ വാട്ടർ അതോറിറ്റി അധികൃതരും കുഴയുന്നു. കൊട്ടിയം സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും സ്വന്തമായി വാഹനമില്ലാത്തതുമാണ് പരിശോധനക്ക് തടസ്സമാകുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് വീടുകളിലേക്ക് നൽകിയിട്ടുള്ള കണക്ഷനുകളിലെ വെള്ളമാണ് ചിലർ ദുരുപയോഗം ചെയ്യുന്നത്. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ ശക്തി കുറച്ചാണ് വെള്ളം തുറന്നുവിടുന്നത്. ശക്തി കുറവായതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളം എത്തുന്നത്. ഇവിടങ്ങളിലെ വീടുകളിൽ കിണറുകൾ റീചാർജ് ചെയ്യുന്നതിന് പൈപ്പിൽനിന്ന് ഹോസ് ഉപയോഗിച്ച് വെള്ളം കിണറുകളിലേക്ക് ഒഴുക്കുന്നതായി പറയുന്നു. തെങ്ങിൻ തടങ്ങളിലും വൃക്ഷങ്ങളുടെ ചുവട്ടിലും ഈ രീതിയിൽ വെള്ളം ഒഴുക്കുന്നത് പതിവാണ്. നിർമാണ പ്രവർത്തനങ്ങൾക്കും ഇവിടങ്ങളിൽ പലരും പൈപ്പ് ജലമാണ് ഉപയോഗിക്കുന്നത്. ഇതോടെ ഉയർന്ന ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായതോടെ ഇവിടങ്ങളിൽ നിന്ന് പലരും പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ രാപ്പകൽ വെള്ളം ലഭിക്കുമ്പോഴും ദൈനംദിന കാര്യങ്ങൾക്ക് വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണിവർ. ജല ദുരുപയോഗം നടത്തുന്ന വീടുകളിൽ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ജപ്പാൻ പൈപ്പ് ലൈനിലൂടെയുള്ള വെള്ളത്തി​െൻറ ശക്തി വർധിപ്പിച്ച് ഉയർന്ന പ്രദേശങ്ങളിൽ ജല ലഭ്യത ഉറപ്പുവരുത്താൻ തയാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും വാഹന സൗകര്യം ഇല്ലാത്തതുമാണ് പരിശോധന കാര്യക്ഷമമായി നടത്താൻ സാധിക്കാത്തതി​െൻറ കാരണമെന്ന് കൊട്ടിയം എ.ഇ പറഞ്ഞു. നാല് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ജോലികൾ നടത്തേണ്ടതും പരാതികൾക്ക് പരിഹാരം കാണേണ്ടതും കൊട്ടിയം സെകഷൻ ഓഫിസി​െൻറ ചുമതലയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.