നഴ്​സുമാരുടെയും ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി; അടിസ്​ഥാനശമ്പളം 20,000

*വിജ്ഞാപനം രാത്രിയോടെ *സമരം പിൻവലിക്കുന്ന കാര്യം വിജ്ഞാപനം കിട്ടിയശേഷം -യു.എൻ.എ തിരുവനന്തപുരം: ലോങ് മാർച്ച് ഉൾപ്പെടെ കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്ന സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഭീഷണിക്കിടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം രാത്രിയോടെ സർക്കാർ പുറത്തിറക്കി. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മിനിമംവേതനം പുതുക്കിനിശ്ചയിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം വിജ്ഞാപനത്തി​െൻറ പകർപ്പ് കിട്ടിയാൽ മാത്രമേ സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവൂ എന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിലവിൽ 8975 രൂപ അടിസ്ഥാനശമ്പളം ലഭിക്കുന്ന നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാനശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും. പുതുക്കിയ വേതന വർധനവിന് 2017 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. ആശുപത്രികളിലെ മറ്റ് ജീവനക്കാർക്ക് 16,000 രൂപമുതൽ 22,090 രൂപ വരെ അടിസ്ഥാനശമ്പളവും പരമാവധി 12.5 ശതമാനം വരെ അധിക അലവൻസും ലഭിക്കും. ഇതര പാരാമെഡിക്കൽ വിഭാഗം ജീവനക്കാർക്ക് 16,400 രൂപമുതൽ അടിസ്ഥാനശമ്പളവും പരമാവധി 15 ശതമാനം വരെ അധിക അലവൻസും ലഭിക്കും. മേൽപറഞ്ഞ വേതനത്തിന് പുറമെ സർവിസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമ​െൻറ് എന്നിവയും ലഭിക്കും. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാകും. 7775 രൂപ അടിസ്ഥാനശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുവിഭാഗം ജീവനക്കാർക്ക് 16,000 രൂപ അടിസ്ഥാനവേതനവും പരമാവധി 2,000 രൂപവരെ അധിക അലവൻസും ലഭിക്കും. 7825 രൂപ അടിസ്ഥാനശമ്പളം ലഭിക്കുന്ന പാരാമെഡിക്കൽ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാനവേതനവും പരമാവധി 2,460 രൂപ വരെ അധിക അലവൻസിനും അർഹതയുണ്ട്. മേൽപറഞ്ഞതുകൂടാതെ 2017 ഒക്ടോബർ ഒന്നുമുതലുള്ള ക്ഷാമബത്തക്കും സർവിസ് വെയിറ്റേജ്, വാർഷിക ഇൻക്രിമ​െൻറ് എന്നിവക്കും ജീവനക്കാർക്ക് അർഹതയുണ്ടായിരിക്കും. 2013ലെ മിനിമം വേതന വിജ്ഞാപനപ്രകാരം നഴ്സുമാർക്ക് ലഭിച്ചുവരുന്ന വേതനത്തിൽ വൻവർധനവ് നൽകിയാണ് സർക്കാർ മിനിമം വേതനം പുതുക്കിനിശ്ചയിച്ചിരിക്കുന്നത്. കിടക്കകളുടെ അടിസ്ഥാനത്തിൽ അഞ്ച് ശതമാനം മുതൽ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവൻസുകൾ 10 ശതമാനം മുതൽ 50 ശതമാനം വരെയാക്കി വർധിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമംവേതനം പുതുക്കി നിശ്ചയിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിന്മേൽ വിവിധ തൊഴിലാളി യൂനിയനുകളും മാനേജ്മ​െൻറുകളും നൽകിയ അഭിപ്രായങ്ങൾ പരിശോധിച്ചശേഷം മിനിമം വേതന ഉപദേശക സമിതിയിൽനിന്ന് ലഭിച്ച നിർദേശംകൂടി പരിഗണിച്ചശേഷമാണ് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം വൈകിച്ചാൽ ചൊവ്വാഴ്ച മുതല്‍ സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ഭാരവാഹികള്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ ചേർത്തലനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച ലോങ് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നു. ആശുപത്രികൾ സ്തംഭിപ്പിച്ച് വീണ്ടും നഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത് വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് വിജ്ഞാപനമിറക്കിയത്. എന്നാൽ, വിജ്ഞാപനം കിട്ടിയാലേ സമരത്തിൽനിന്ന് പിന്തിരിയുന്ന കാര്യം യു.എൻ.എ തീരുമാനിക്കൂ. തിങ്കളാഴ്ച ഉച്ചമുതല്‍ തൊഴില്‍വകുപ്പി​െൻറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിജ്ഞാപനം നിയമവകുപ്പിന് മുന്നിലെത്തിയത്. നിയമവകുപ്പ് അനുമതി നല്‍കിയതോടെ ലേബര്‍ കമീഷണര്‍ എ. അലക്‌സാണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.