അണക്കെട്ടില്‍നിന്ന്​ ജലസംഭരണിയിലേക്ക് ചാടിയ വൃദ്ധനെ രക്ഷപ്പെടുത്തി

കാട്ടാക്കട: നെയ്യാര്‍ അണക്കെട്ടില്‍നിന്ന് ജലസംഭരണിയിലേക്ക് ചാടിയ വൃദ്ധനെ സുരക്ഷ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാട്ടാക്കട തോട്ടമ്പറ വിനോദ് ഭവനില്‍ നകുലനാണ് (78) നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയത്. ഡാം സുരക്ഷാ ജീവനക്കാരന്‍ രാജു ഫെര്‍ണാണ്ടസ്, ഇറിഗേഷന്‍ ജീവനക്കാരന്‍ ജയന്‍, സന്തോഷ്‌ എന്നിവരാണ് സംഭരണിയില്‍നിന്ന് നകുലനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷട്ടറിന് മുകളില്‍ ഒരാള്‍ കയറുന്നത് ശ്രദ്ധയില്‍പെട്ടത്. ജീവനക്കാരന്‍ അണക്കെട്ടിന് അടുത്തേക്ക് ഓടുകയും ഇതിനിടെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയും ചെയ്തു. ഇവർ അണക്കെട്ടിനു മുകളില്‍ എത്തിയപ്പോള്‍ വൃദ്ധന്‍ ജലാശയത്തില്‍ ചാടിയിരുന്നു. രാജുവും മറ്റു ജീവനക്കാരും ചേര്‍ന്ന് ഇയാൾക്ക് കയര്‍ എറിഞ്ഞു നല്‍കി സ്പില്‍വേ കെട്ടിന് മുകളില്‍ എത്തിച്ചു. തുടർന്ന് ബോട്ട് വരുത്തി കരയിലേക്ക് കൊണ്ടുവരുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും എത്തുന്നതിനു മുമ്പ് തന്നെ ജീവനക്കാര്‍ക്ക് രക്ഷിക്കാനായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നൽകിയ ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച നകുലനെ ബന്ധുക്കള്‍ എത്തി വീട്ടിലേക്ക് കൊണ്ടുപോയതായി നെയ്യാര്‍ ഡാം പൊലീസ് പറഞ്ഞു. രാവിലെ മുതല്‍ ഡാം പരിസരത്ത് നകുലന്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.