കാട്ടാക്കടയിൽ കാര്‍ഷിക കർമസേന പ്രവര്‍ത്തനം അവതാളത്തിൽ

*കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാതെ നശിക്കുന്നു കാട്ടാക്കട-: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക കർമസേന പ്രവര്‍ത്തനം അവതാളത്തിൽ. ലക്ഷക്കണക്കിന് രൂപക്ക് വാങ്ങിക്കൂട്ടിയ കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാതെ പൊടിപിടിച്ച് കിടക്കുന്നു. കേര ഗ്രാമപദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ തെങ്ങിന്‍ തൈകള്‍ നശിച്ചുതുടങ്ങി. തമിഴ്നാട്ടിലെ സ്വകാര്യ നഴ്സറികളില്‍നിന്ന് എത്തിച്ച് കര്‍ഷകര്‍ക്ക് നല്‍കിയ തെങ്ങിന്‍ തൈകളാണ് നശിച്ചു തുടങ്ങിയത്. ഗുണനിലവാരം തീരെ കുറഞ്ഞവയാണെന്ന് തൈവിതരണ സമയത്ത് കര്‍ഷകര്‍ പരാതിപ്പെട്ടെങ്കിലും ഇത് അവണിച്ചാണ് തൈവിതരണം നടത്തിയത്. കാര്‍ഷിക കർമസേനയുടെ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഒരു അന്വേഷണവും നടന്നില്ല. ഇതിനിടെ അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചതോടെ കർമസേന ട്രഷറര്‍ മുന്‍ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ലാസര്‍ ജോസഫ് സ്ഥാനം രാജി െവച്ചു. ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് വാങ്ങിയ തെങ്ങുകയറ്റ യന്ത്രം, മണ്ണ് കിളക്കല്‍-,വാഴക്കുഴി നിർമിക്കല്‍ യന്ത്രം, ട്രാക്ടര്‍ എന്നിവ ഓഫിസില്‍തന്നെ വിശ്രമത്തിലാണ്. കർമ സേന വാങ്ങിയ ട്രാക്ടര്‍കൊണ്ട് ഇവിടത്തെ നിലങ്ങള്‍ ഉഴുതുമറിക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൃഷിഭവനോട് ചേര്‍ന്ന് കാര്‍ഷിക കർമസേനയുടെ ഓഫിസ് കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം ചെയ്തെങ്കിലും അതിനുശേഷം ഇതുവരെ തുറന്നുനല്‍കിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടത്തുന്നതായി പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ കാട്ടാക്കട കൃഷിഭവന്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി കൃഷിഭവന്‍വഴി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും കാര്‍ഷികോപകരണങ്ങളും തൈകളും വാങ്ങിക്കൂട്ടിയതിനെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.