ശമ്പള പരിഷ്​കരണം: പ്രതിഷേധ സൂചകമായി നഴ്​സുമാരുടെ ലോങ്​ മാർച്ച്​ 24ന്​

* സെക്രേട്ടറിയറ്റിനു മുന്നിലെ സമരം ആറാം ദിവസത്തിലേക്ക് * ലേബർ കമീഷണറുമായി ഇന്ന് വീണ്ടും ചർച്ച തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളപരിഷ്കരണ ഉത്തരവ് ഉടൻ പുറത്തിറക്കുക, ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ ശമ്പള പരിഷ്കരണം അനിശ്ചിതമായി നീളുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധ സൂചകമായി 'വാക് ഫോർ ജസ്റ്റിസ്' എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ 24ന് ചേർത്തല നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാർച്ചിനും യു.എൻ.എ ആഹ്വാനം നൽകിയിട്ടുണ്ട്. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രി നഴ്സുമാരും പണിമുടക്കിയാവും മാർച്ചിൽ അണിനിരക്കുകയെന്ന് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ് പറഞ്ഞു. സെക്രേട്ടറിയറ്റിനു മുന്നിലെ അനിശ്ചിതകാല സമരം മുന്നോട്ടുപോകുന്ന സാഹചര്യം കണക്കിലെടുത്ത് യു.എൻ.എ പ്രതിനിധികളുമായി ശനിയാഴ്ച ലേബർ കമീഷണർ ചർച്ച നടത്തും. നഴ്സുമാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ തയാറാകണമെന്നാണ് യു.എൻ.എ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഇതുസംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാൻ സർക്കാറും മാനേജ്മ​െൻറുകളും തയാറാകണമെന്നും യു.എൻ.എ ആവശ്യപ്പെടുന്നു. കൂടാതെ, ചേർത്തല കെ.വി.എമ്മിലെ സമരം അവസാനിപ്പിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്നും ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.