ചികിത്സ പിഴവിൽ വനിത ഡോക്ടർ മരിച്ച സംഭവത്തിൽ ഉന്നതതല മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ആർ.സി.സിയിലെ ചികിത്സ പിഴവ് കാരണം വനിത ഡോക്ടർ മരിച്ചത് സംബന്ധിച്ച് ഉന്നതതല മെഡിക്കൽ ടീമിനെ നിയോഗിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവ് നൽകിയത്. അന്വേഷണ റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണം. അർബുദ ചികിത്സരംഗത്ത് ആദരണീയ പാരമ്പര്യമുള്ള ആർ.സി.സിയിൽ ഒരു വനിത ഡോക്ടർ ചികിത്സ പിഴവ് കാരണം മരിച്ചത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് കമീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. വനിത ഡോക്ടറായ മേരി റെജിയെ ചികിത്സിച്ച രീതി ആശങ്കജനകമാണ്. ഒരു ഡോക്ടറെ ചികിത്സിക്കുന്നത് ഇത്തരത്തിലാണെങ്കിൽ ആർ.സി.സിയിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാര​െൻറ അവസ്ഥ എന്താകുമെന്ന് കമീഷൻ ചോദിച്ചു. ഗുരുതര അലംഭാവം കാണിച്ച ചില ഡോക്ടർമാരുടെ പേരുകൾ പരാതിയിൽ പരാമർശിക്കുന്നുണ്ട്. മറ്റാർക്കും ഇത്തരത്തിൽ ഒരു ഗതി വരാത്തതരത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുള്ള പിഴവ് തിരുത്തപ്പെടണം. ഡോക്ടർമാർക്കെതിരെയുള്ള പരാതി ശരിയാണെങ്കിൽ അത് സ്വന്തം തൊഴിലിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. ആരോപണവിധേയരായ ഡോക്ടർമാരിൽനിന്ന് വിശദീകരണം കേട്ടശേഷം കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ആർ.സി.സി ഡയറക്ടർക്ക് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.