യാത്രക്കാർ അപായച്ചങ്ങല വലിച്ചു​; ട്രെയിനുകളുടെ കൂട്ടിമുട്ടൽ ഒഴിവായി

കുന്നിക്കോട്: യാത്രക്കാർ അപായച്ചങ്ങല വലിച്ചതുമൂലം രണ്ട് ട്രെയിനുകൾ കൂട്ടിമുട്ടാതെ വൻ അപകടം ഒഴിവായി. കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയിലാണ് ട്രെയിനുകളുടെ കൂട്ടിമുട്ടൽ തലനാരിഴക്ക് ഒഴിവായത്. ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 2.10നായിരുന്നു സംഭവം. 2.05ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം-താമ്പരം എക്സ്പ്രസും സിഗ്നല്‍ കാത്ത് കിടക്കുകയായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ താമ്പരം പുനലൂരിലേക്കും രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ പാസഞ്ചര്‍ കൊല്ലത്തേക്കും പോകാനാണ് നിര്‍ത്തിയിട്ടിരുന്നത്. സ്റ്റേഷനില്‍ രണ്ട് ട്രാക്കുകള്‍ മാത്രമാണുള്ളത്. ഈ സമയം തന്നെ ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുകയായിരുന്നു. കാവല്‍പുരയിലെ ലെവല്‍ക്രോസ് പിന്നിട്ട് ആവണീശ്വരം വളവ് തിരിയുന്നതിനിടെ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനാൽ പാസഞ്ചറിന് വേഗത കുറവായിരുന്നു. അതിനാൽ വണ്ടി വേഗം നിർത്താനായി. സാധാരണ താമ്പരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂർ വരുന്നത്. കാവൽപുര ഗേറ്റിന് മുമ്പാണ് സ്റ്റേഷനിലേക്കുള്ള സിഗ്നൽ ഉള്ളത്. സിഗ്നല്‍ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒടുവിൽ താമ്പരം കടത്തിവിട്ടശേഷം ഗുരുവായൂർ പാസഞ്ചർ ഒന്നാമത്തെ പ്ലാറ്റ്്ഫോമിൽ കയറ്റി. തീവണ്ടികള്‍ മൂന്നും സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ പത്തനാപുരം-വാളകം ശബരി ബൈപാസിലെ ലെവൽ ക്രോസും കുന്നിക്കോട് തലവൂര്‍ റോഡിലെ കാവല്‍പുര ഗേറ്റും എറെനേരം അടഞ്ഞുകിടന്നു. ഇത് ഗതാഗതതടസ്സത്തിനും കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.