ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: പ്രസവത്തിനു ശേഷം ആശുപത്രിയില്‍ കഴിഞ്ഞ ഭാര്യയെയും കുഞ്ഞിനെയും ആദ്യമായി കാണാനെത്തിയ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു. സെക്രേട്ടറിയറ്റിലെ താൽക്കാലിക ജീവനക്കാരന്‍ വെള്ളായണി ഊക്കോട് മുകളൂര്‍മൂല മേല്‍തോട്ടത്ത് വീട്ടില്‍ കൃഷ്ണകുമാറിനെയാണ് (29) ഭാര്യാപിതാവ് കല്ലിയൂര്‍ വള്ളംകോട് സ്വദേശി ഉദയകുമാര്‍ (52) കുത്തിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന കൃഷ്ണകുമാറി​െൻറ സുഹൃത്തിനും കുത്തേറ്റു. കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഉദയകുമാറിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ജനറൽ ആശുപത്രി ജങ്ഷന് സമീപത്തെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. കഴിഞ്ഞവർഷം ജൂണിലാണ് അലീനയും കൃഷ്ണകുമാറും തമ്മിലെ വിവാഹം ഇരുവീട്ടുകാരും നടത്തിയത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞതും കൃഷ്ണകുമാറും അലീനയും തമ്മിൽ അകന്നു താമസിച്ചു. ഓരോ കാര്യങ്ങൾക്കും കുറ്റപ്പെടുത്തുന്ന കൃഷ്ണകുമാറി‍​െൻറ നടപടിയെ പലതവണ ഉദയകുമാർ ചോദ്യം ചെയ്തിരുന്നു. കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് മൂത്തതോടെ അലീന സ്വന്തം വീട്ടിലേക്ക് പോയി. ഈ മാസം 12ന് അലീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഭാര്യ പ്രസവിച്ച വിവരം കൃഷ്ണകുമാര്‍ അറിഞ്ഞിരുന്നില്ല. ഞായറാഴ്ചയാണ് വിവരം അറിയുന്നത്. ഉടന്‍ സുഹൃത്ത് അഖിലിനെയും കൂട്ടി ആശുപത്രിയില്‍ എത്തി. അവിടത്തെ കാൻറീനില്‍ ഭാര്യാ പിതാവ് ഉദയകുമാറിനെ കണ്ടു. മകളെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാര്‍ പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയിലാണ് കൈയിലുണ്ടായിരുന്ന പേനക്കത്തി ഉപയോഗിച്ച് ഉദയകുമാര്‍ മരുമക​െൻറ നെഞ്ചിലേക്ക് കുത്തിയത്. തടയാൻ ശ്രമിച്ച അഖിലിനെയും കുത്തി. തുടർന്ന് രോഗികളുടെ കൂട്ടിയിരുപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുതന്നെ കൃഷ്ണകുമാർ മരിച്ചു. മരുമകൻ മരിച്ചെന്ന് അറിഞ്ഞതോടെ ഡ്രൈവറായ ഉദയകുമാർ സുഹൃത്തില്‍നിന്ന് പണം വാങ്ങിയ ശേഷം ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.