അമലോത്ഭവത്തി​െൻറ സങ്കടങ്ങൾക്കാശ്വാസമാകുന്നു; മൈക്കിളിന് ചികിത്സ ലഭ്യമായി

ചവറ: മനോരോഗിയായ മകളും കുഷ്ടരോഗബാധിതനായ ഭർത്താവും പറക്കമുറ്റാത്ത ആറ് ചെറുമക്കളുമായി ഏത് സമയവും തകർന്നുവീഴാറായ കൂരയിൽ കഴിഞ്ഞുവന്ന അമലോത്ഭവമെന്ന വൃദ്ധമാതാവി​െൻറ ദുരിതത്തിന് അറുതിയാകുന്നു. ഭർത്താവിന് ചികിത്സയും തകർന്ന വീടി​െൻറ പുനരുദ്ധാരണത്തിന് സഹായവും ലഭിക്കുന്നത് വഴിതെളിഞ്ഞത് 'മാധ്യമം' വാർത്തയെ തുടർന്നാണ്. കഴിഞ്ഞ മാർച്ച് 22ന് 'മാധ്യമം' പ്രസിദ്ധീകരിച്ച 'എട്ട് ജീവനുകൾ നെഞ്ചോടടക്കി കാരുണ്യംതേടി ഒരമ്മ' എന്ന വാർത്തയാണ് നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ അമലോത്ഭവമെന്ന (55) വൃദ്ധമാതാവി​െൻറ ദുരിതകഥ പുറംലോകത്തെത്തിച്ചത്. അകാലത്തിൽ പൊലിഞ്ഞ മകളുടെ രണ്ട് പെൺമക്കളായ മരിയസ്വപ്ന (17) സിബി (10), ഭർത്താവ് മരിച്ചതോടെ മനോരോഗിയായ മകൾ മേരി, ഇവരുടെ മക്കളായ യോഹന്നാൻ (15), ഷാലു (14), തങ്കം (12), റൂബി (എട്ട്) എന്നിവർക്കും കുഷ്ടരോഗബാധിതനായ ഭർത്താവ് മൈക്കിളിനുമൊപ്പം (65) പുറംപോക്കിലെ പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡിലാണ് അമലോത്ഭവം കഴിഞ്ഞുവന്നത്. രോഗം മൂർച്ഛിച്ചപ്പോൾ കൈകാൽ വിരലുകൾ നഷ്ടമായ മൈക്കിൾ തീർത്തും അവശനിലയിലായതോടെ വീടിന് പുറത്തായിരുന്നു ഇവരുടെ ഉറക്കംപോലും. ഈ കുടുംബത്തി​െൻറ ദുരിതകഥ അറിഞ്ഞതിനെത്തുടർന്ന് ജീവകാരുണ്യ പ്രവർത്തകർ ഇടപെട്ടതാണ് മൈക്കിളിന് ചികിത്സ ലഭ്യമാക്കിയത്. എൻ. വിജയൻപിള്ള എം.എൽ.എ, ചവറ എസ്.ഐ ജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൈക്കിളിനെ നൂറനാട് കുഷ്ടരോഗ ആശുപത്രിയിൽ കൊണ്ടുപോയത്. വരുംവർഷത്തെ ലൈഫ് പദ്ധതിയിൽ ഈ നിർധന കുടുംബത്തിന് വീടും വസ്തുവും ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. അടച്ചുറപ്പോടെ ഷെഡി​െൻറ മേൽക്കൂരയും വശങ്ങളും വൃത്തിയാക്കാൻ പന്മന നെറ്റിയാട് പൗരസമിതി തീരുമാനിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടികളുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കുമെന്ന് പത്തനാപുരം ഗാന്ധിഭവൻ കോഒാഡിനേറ്ററും അമലോത്ഭവത്തി​െൻറ ദുരിത ജീവിതകഥ പുറംലോകത്തെ അറിയിക്കാൻ കാരണക്കാരനുമായ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് മംഗലശ്ശേരി പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ഹസൻ പെരുങ്കുഴി, നെറ്റിയാട് പൗരസമിതി പ്രവർത്തകൻ റാഫി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.