വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് ചെറുകിട വ്യവസായി സുരേഷ്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമപ്രാബല്യമില്ലാത്ത വിവാദ ഉത്തരവിറക്കിയ വ്യവസായവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെറുകിട വ്യവസായി ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഔട്ട്‌റൈറ്റ്‌സെയില്‍ വ്യവസ്ഥയില്‍ മുഴുവന്‍ തുകയും അടച്ച് ഏറ്റെടുത്ത വ്യവസായസ്ഥലം 30 വര്‍ഷത്തെ പാട്ടത്തിലേക്ക് മാറ്റിയ വ്യവസായവകുപ്പി​െൻറ നടപടിമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുരേഷ്‌ ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. അദ്ദേഹത്തി​െൻറ കുടുംബത്തിന് ഒരു കോടി രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസായപോളിസി പുതുതായി വ്യവസായം തുടങ്ങുന്നവര്‍ക്ക് പ്രചോദനമാണെങ്കിലും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിര്‍ദേശവും അതിലില്ല. ചെറുകിട വ്യവസായമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കെ.ജെ. സ്‌കറിയ, അനില്‍ മുത്തോടം, ഐ.എ. പീറ്റര്‍, കെ.കെ. നായര്‍, കെ. ബാവ, മനോജ്കുമാര്‍, കെ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.