അതിർത്തിയിലെ കള്ളക്കടത്ത്: ബിഷു ഷെയ്​ഖി​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ഇന്നത്തേക്ക്​ മാറ്റി

തിരുവനന്തപുരം: അതിർത്തിയിലെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖി​െൻറ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച കോടതി അവധി ആയതിനാലാണ് ജാമ്യഹരജി മാറ്റിെവച്ചത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖിന് ജാമ്യം അനുവദിക്കരുതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ബിഷു ഷെയ്ഖ് അന്താരാഷ്‌ട്ര കള്ളക്കടത്തുകാരനല്ലെന്നും ഇയാൾ കന്നുകാലി കച്ചവടം നടത്തുന്ന ആളാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേകകോടതിയാണ് കേസ് പരിഗണിക്കുന്നത്. പത്തനംതിട്ട സ്വദേശി ജിബു ഡി .മാത്യുവിനെ അരക്കോടി രൂപയുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ച് സി.ബി.ഐ പിടികൂടിയതാണ് കേസിന് ആധാരം. ബംഗ്ലാദേശ് അതിർത്തിയിലെ ബൈറാംപൂർ യൂനിറ്റിലാണ് ഇയാൾ ജോലിചെയ്യുന്നത്. സി.ബി.ഐക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്‌തത്‌. കോഴ വാങ്ങിയ ജിബു ഡി .മാത്യു കള്ളക്കടത്ത് സംഘത്തിന് വഴിവിട്ട സഹായം നൽകിയിരുന്നതായി സി.ബി.ഐ അന്വേഷണത്തിൽ ബോധ്യമായതിനെതുടർന്ന് നടത്തിയ നീക്കത്തിലാണ് മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ഖിനെ പിടികൂടിയത്. ബിഷു ഷെയ്ഖ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞതവണ തള്ളിയിരുന്നു. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി അന്വേഷണം വൈകുന്നതിൽ സി.ബി.െഎയെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കേണ്ട കാലാവധിവരെ കാത്തിരിക്കുകയാണോ സി.ബി.െഎ ചെയ്യുന്നതെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.