പാരിപ്പള്ളി മെഡിക്കൽ കോളജ് പൊലീസ് സർജൻമാർ അഞ്ചുപേർ; പോസ്​റ്റ്​മോർട്ടം നടത്തണമെങ്കിൽ മറ്റിടങ്ങളിലേക്ക്​ പോകണം

*പോസ്റ്റ്മോർട്ടം നടത്താനാവശ്യമായ മറ്റ് ജീവനക്കാരില്ല, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് മാസങ്ങളായെങ്കിലും നിയമനത്തിനുള്ള നടപടികളായില്ല *അത്യാഹിതങ്ങളിൽപ്പെട്ട് രാത്രിയിൽ എത്തുന്നവരെ സെക്യൂരിറ്റിക്കാർ തിരിച്ചയക്കുന്നതായി ആരോപണം പാരിപ്പള്ളി: ഇല്ലായ്മകളുടെ നടുവിൽ വീർപ്പുമുട്ടുന്ന പാരിപ്പള്ളി മെഡിക്കൽ കോളജിലുള്ള സൗകര്യം പോലും പ്രയോജനപ്പെടുത്താനാവുന്നില്ല. അത്യാഹിതങ്ങളിൽപെട്ട് രാത്രിയിൽ എത്തുന്നവരെ ഗേറ്റിന് മുന്നിൽെവച്ചുതന്നെ സെക്യൂരിറ്റിക്കാർ തിരിച്ചയക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഡോക്ടർമാരില്ലെന്ന കാരണം പറഞ്ഞാണ് സെക്യൂരിറ്റിക്കാർ ഇത്തരത്തിൽ പെരുമാറുന്നത്. പ്രഥമശുശ്രൂഷ നൽകാനുള്ള അവസരമെങ്കിലും ഉണ്ടാക്കണമെന്ന് പറഞ്ഞാലും ഇവർ ഗേറ്റ് തുറക്കാൻ പോലും ചിലപ്പോൾ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ആശുപത്രിയിലെത്തുന്നവരോട് ജീവനക്കാർ അപമര്യാദയായി പെരുമാറുന്ന അനുഭവങ്ങൾ ഏറെയുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. അഞ്ച് പൊലീസ് സർജൻമാരടക്കം ഫോറൻസിക് വിഭാഗം ഇവിടെയുണ്ടെങ്കിലും പോസ്റ്റ്മോർട്ടം നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരേസമയം 16 മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള മോർച്ചറി നിലവിലുണ്ട്. പോസ്റ്റ്മോർട്ടം നടത്താനാവശ്യമായ മറ്റ് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിലേക്കാവശ്യമായ അറ്റൻഡർമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ട് മാസങ്ങളായെങ്കിലും നിയമനത്തിനുള്ള നടപടികളായില്ല. 12 അറ്റൻഡർമാരുടെ ഒഴിവുകളാണുള്ളത്. സ്ഥിരനിയമനമുണ്ടാകുന്നതുവരെ താൽക്കാലിക സംവിധാനമെങ്കിലും ഇക്കാര്യത്തിൽ ഉണ്ടാക്കണമെന്നുള്ള ആവശ്യമുയരുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനും മോർച്ചറി സേവനത്തിനും നിലവിൽ മറ്റ് മെഡിക്കൽ കോളജുകളിലോ മറ്റിടങ്ങളിൽനിന്നോ താൽക്കാലികമായി ജീവനക്കാരെ നിയമിക്കാവുന്നതാണ്. ഈ ജോലിയിൽനിന്ന് വിരമിച്ചവരെയും താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച് പ്രശ്നം പരിഹരിക്കാമെങ്കിലും അധികൃതർ അതിന് തയാറാവുന്നില്ല. നിലവിൽ ഇവിടെയെത്തിക്കുന്ന മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.