മാഞ്ഞാലിക്കുളം റോഡിൽ പുതിയ സ്വീവേജ് ലൈൻ വേണം ^മനുഷ്യാവകാശ കമീഷൻ

മാഞ്ഞാലിക്കുളം റോഡിൽ പുതിയ സ്വീവേജ് ലൈൻ വേണം -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിൽ മഴവെള്ളം നിറഞ്ഞുകവിയുന്ന സാഹചര്യമുള്ളതിനാൽ മാഞ്ഞാലിക്കുളം മുതൽ തമ്പാനൂർ ആർ.എം.എസ് വരെയുള്ള റോഡിൽ പുതിയ സ്വീവേജ് ലൈൻ അടിയന്തരമായി സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും സ്വീവേജ് കണക്ഷനിൽ വന്ന് ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് സമയാസമയം റണ്ണിങ് കോൺട്രാക്റ്റർ മുഖാന്തരം ബ്ലോക്ക് മാറ്റണമെന്നും കമീഷൻ ഉത്തരവിൽ നിർദേശിച്ചു. നഗരത്തിലെ കാലപ്പഴക്കം ചെന്ന സ്വീവേജ് സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുന്നതിന് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീമി​െൻറ പരാതിയിൽ ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്കാണ് കമീഷൻ നിർദേശം നൽകിയത്. ചെറിയ മഴപെയ്താൽപോലും മാഞ്ഞാലിക്കുളം റോഡിലെ ഡ്രെയിനേജ് മാൻഹോളിലൂടെ മലിനജലം ഒഴുകുന്നത് നിത്യസംഭവമാണെന്നായിരുന്നു പരാതി. പടിഞ്ഞാറേകോട്ട -കൈതമുക്ക്, ഈഞ്ചക്കൽ - അട്ടക്കുളങ്ങര റോഡുകളിലും ഇതാണവസ്ഥ. കാൽനടപോലും ദുസ്സഹമാണ്. വാഹനങ്ങൾ പോകുമ്പോൾ മലിനജലം ശരീരത്തിൽ തെറിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറഞ്ഞു. നഗരവാസികൾ വീടുകളിൽനിന്നുള്ള മഴവെള്ളം സ്വീവേജ് സംവിധാനത്തിലേക്ക് ഒഴുക്കിവിടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജലഅതോറിറ്റി കമീഷനെ അറിയിച്ചു. ഇത് സ്വീവർ കുഴലുകളുടെ സംഭരണശേഷിക്ക് പുറത്താകുമ്പോൾ മാൻഹോളുകളിലൂടെ വെള്ളം പുറത്തേക്കൊഴുകും. നഗരവാസികൾ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് സ്വീവർ കണക്ഷനിലാണ്. 1945ലാണ് തിരുവനന്തപുരത്തെ സ്വീവേജ് സംവിധാനം നിലവിൽവന്നതെന്നും കാലപ്പഴക്കത്താൽ സ്വീവേജ് സംവിധാനത്തിൽ തകരാർ സംഭവിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.