'ചേരിയിൽനിന്ന്​ ഫ്ലാറ്റിലേക്ക്' പദ്ധതി: ഫ്ലാറ്റ് നിർമിക്കാൻ കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ചു; വിഴിഞ്ഞത്ത് സംഘർഷം

വിഴിഞ്ഞം: രാജീവ് ആവാസ് യോജന പ്രകാരം ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ വിഴിഞ്ഞം തെക്കുംഭാഗം മതിപുറത്തെ നാല് വീട്ടുകാരെ പൊലീസ് സഹായത്തിൽ നഗരസഭ മാറ്റിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. 'ചേരിയിൽനിന്ന് ഫ്ലാറ്റിലേക്ക്' പദ്ധതി പ്രകാരം പ്രദേശത്തെ 325 കുടുംബങ്ങൾക്ക് സർക്കാർ ഫ്ലാറ്റ് നിർമിച്ചുനൽകാൻ നേരത്തേ ധാരണയായിരുന്നു. 320 കുടുംബങ്ങളുടെ സ്ഥലം സർക്കാർ ഏറ്റെടുത്ത് ഫ്ലാറ്റ് നിർമിച്ചുനൽകുന്നുണ്ട്. ബാക്കിയുള്ള അഞ്ച് കുടുംബങ്ങൾ തങ്ങൾക്ക് ഫ്ലാറ്റ് വേണ്ടെന്നും പകരം വീട് വെച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. ഇവരുടെ ഈ സ്ഥലം കൂടി ഏറ്റെടുത്താൽമാത്രമേ 160 കുടുംബങ്ങൾക്കുവേണ്ടിയുള്ള ഫ്ലാറ്റ് നിർമിക്കാൻ കഴിയൂവെന്ന് നഗരസഭ അധികൃതർ പറയുന്നു. കടൽ പുറമ്പോക്ക് ആയതിനാൽ ഇവരുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും പകരം ഫ്ലാറ്റ് നൽകാനേ കഴിയൂ എന്നും കൗൺസിലർ നിസാബീവി പറഞ്ഞു. എന്നാൽ, മുൻ കൗൺസിലർ തങ്ങൾക്ക് ഫ്ലാറ്റിന് പകരം വീട് നൽകാം എന്നറിയിച്ചതിനെതുടർന്നാണ് തങ്ങൾ അപേക്ഷക്ക് ഫോട്ടോ എടുത്ത് നൽകിയതെന്നും പിന്നീടാണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞതെന്നും അഞ്ച് കുടുംബങ്ങളും പറയുന്നു. മൂന്നുവർഷമായി സ്ഥലം ഒഴിയാൻ അധികൃതർ ഈ കുടുംബങ്ങളുമായി ചർച്ച നടത്തുകയാണ്. എന്നാൽ, പദ്ധതി പ്രകാരം നൽകുന്ന അടിസ്ഥാന സ്ഥലസൗകര്യം പോലുമില്ലാത്ത ഫ്ലാറ്റുകൾ വേണ്ടെന്നും തങ്ങളുടെ ആവശ്യം അംഗീകരിച്ചാൽ വീട് ഒഴിഞ്ഞുതരാമെന്നും ഇവർ അധികൃതരെ പലതവണ അറിയിച്ചു. രാഷ്‌ട്രീയതാൽപര്യങ്ങൾ നോക്കി ചിലരുടെ വീടുകൾ ഒഴിവാക്കി തങ്ങളുടെ വീടുകൾ മനഃപൂർവം ഒഴിപ്പിച്ചതാണെന്ന് വീട്ടുകാർ പറയുന്നു. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച രാവിലെ പൊലീസ് സംഘവുമായി എത്തിയ നഗരസഭ അധികൃതർ വീട്ടുകാരെ ബലമായി ഒഴിപ്പിക്കുകയും ഇവർ താമസിച്ചിരുന്ന വീടുകൾ എക്സ്കവേറ്റർ ഉപയോഗിച്ച് ഇടിച്ചുകളയുകയും ചെയ്തു. പ്രതിഷേധവുമായി രംഗത്തെത്തിയവരെ പൊലീസ് ബലമായി മാറ്റി. അതേസമയം വീടുകളിൽനിന്ന് ഒഴിപ്പിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അധികൃതർ സൗകര്യം ഒരുക്കിയില്ല എന്ന് ആരോപണം ഉയർന്നത് നേരിയരീതിയിൽ വാക്കേറ്റത്തിന് വഴിയൊരുക്കി. എന്നാൽ, ഈ കുടുംബങ്ങൾക്ക് പകരം വാടകവീടുകൾ സജ്ജമാക്കി നൽകിയതായി നഗരസഭ അധികൃതർ പറഞ്ഞു. വീടുകളുടെ താക്കോൽ അപ്പോൾതന്നെ അധികൃതർ കുടുംബങ്ങൾക്ക് കൈമാറിയതോടെ രംഗം കുറച്ച് ശാന്തമായി. ഹാർബർ വാർഡിൽ 1032 യൂനിറ്റ് ഫ്ലാറ്റുകളാണ് നിർമിക്കേണ്ടത്. ആദ്യഘട്ടമായി 84 എണ്ണത്തി​െൻറ താക്കോൽ ദാനം കഴിഞ്ഞിരുന്നു. പണി പൂർത്തിയായ 143 ഫ്ലാറ്റുകളുടെ താക്കോൽ ദാനം ഉടൻ ഉണ്ടാകുമെന്ന് കൗൺസിലർ പറഞ്ഞു. 160 യൂനിറ്റ് ഫ്ലാറ്റുകൾ നിർമിക്കേണ്ട സ്ഥലത്തുണ്ടായിരുന്ന കുടുംബങ്ങളെയാണ് അധികൃതർ ഒഴിപ്പിച്ചത്. 320 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റുകളാണ് പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും നൽകുന്നത്. ഒരു ഹാൾ, കിടപ്പുമുറി, അടുക്കള എന്നിവ ഇവയിൽ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.