പന്മനയിലെ ജനം പറയുന്നു; 'ആ പദ്ധതി നടപ്പായിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് കുടിവെള്ളം മുട്ടില്ലായിരുന്നു'.. കുടിവെള്ളമില്ല; പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഡീസലൈനേഷൻ പ്ലാൻറ്

*പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഡീസലൈനേഷൻ പ്ലാൻറ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യം പന്മന: വേനൽ രൂക്ഷമായി കുടിവെള്ളം പോലും കിട്ടാതായതോടെ ശുദ്ധജലം യഥേഷ്ടം ലഭിക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നു. പന്മന ഗ്രാമപഞ്ചായത്തിലും കെ.എം.എം.എല്ലിനും വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് കുറ്റിവട്ടം വാർഡിലെ കൊതുമുക്കിൽ വട്ടക്കായലിന് അരികിലായി നിർമാണം ആരംഭിച്ച ഡീസലൈനേഷൻ പ്ലാൻറ് പദ്ധതിയാണ് തുടക്കത്തിൽതന്നെ ഉപേക്ഷിക്കപ്പെട്ടത്. എറണാകുളത്തുള്ള കമ്പനി കരാറെടുത്ത പദ്ധതിയുടെ പ്രാഥമിക നിർമാണപ്രവർത്തനങ്ങൾ മാത്രമാണ് നടത്തിയത്. പള്ളിക്കലാർ ഒഴുകിയെത്തുന്ന വട്ടക്കായലിൽനിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് കെ.എം.എം.എൽ കമ്പനിയിലേക്കും പന്മന ഗ്രാമപഞ്ചായത്തിലെ വാർഡുകളിലേക്കും എത്തിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് അനുഭവിക്കുന്ന ജലദൗർലഭ്യത്തിന് പൂർണമായരീതിയിൽ പരിഹാരമായേനെ. 2001-2006 വർഷത്തെ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്താണ് പ്ലാൻറിന് അനുമതി നൽകി നിർമാണം ആരംഭിച്ചത്. പിന്നീട് പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന പരാതി ഉയരുകയും തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കുകയുമായിരുന്നു. പദ്ധതി ഏറ്റെടുത്ത കരാറുകാർ കോടതിവിധിയിലൂടെ ചെലവായ തുക കൈപ്പറ്റുകയും ചെയ്തിരുന്നു. പിന്നീട് പലതവണ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും 2011ൽ ജലനിധി സമ്പൂർണ കുടിവെള്ള പദ്ധതി ആരംഭിച്ചതോടെ ഇത് പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. വട്ടക്കായലിനരികിലായി നിർമാണപ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കിയ പ്ലാൻറ് പ്രദേശം ഇപ്പോൾ അപകടകരമായ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. വേനൽ കടുത്തതോടെ പന്മനയിൽ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് പദ്ധതിക്ക് വീണ്ടും ആവശ്യമുയരുന്നത്. പ്ലാൻറ് പ്രവർത്തനം പുനരാരംഭിക്കാനുള്ള ആലോചനകൾ ഉയർന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഡീസലൈനേഷൻ പ്ലാൻറി​െൻറ സാങ്കേതിക പ്ലാനും എച്ച്.ഡി.പി ലൈനുകളും ഇപ്പോഴും കെ.എം.എം.എൽ കമ്പനിയുടെ കൈവശമുള്ളതിനാൽ നിർമാണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനാകും എന്നാണ് കരുതപ്പെടുന്നത്. നിർദിഷ്ടപ്രദേശം കായൽത്തീരമായതിനാൽ ലൈൻ പൈപ്പുകൾ മാത്രമാണ് ഇപ്പോൾ പ്രദേശത്ത് വെള്ളത്തിനുള്ള ഏക ആശ്രയം. കുറ്റിവട്ടം വാർഡിൽ മാത്രം 700 ഓളം വാട്ടർ അതോറിറ്റി കണക്ഷനുകളാണ് ജലനിധി പദ്ധതിക്കായി ഒഴിവാക്കിയത്. ജലനിധി വഴിയുള്ള വെള്ളം നിലച്ചതോടെ രണ്ടുമില്ലാത്ത സ്ഥിതിയിൽ നട്ടംതിരിയുകയാണ് നൂറുകണക്കിന് കുടുംബങ്ങൾ. വടക്കുംതല മേക്ക് വാർഡിൽ ജലക്ഷാമം പരിഹരിക്കാൻ കുഴൽ കിണർ സ്ഥാപിച്ചെങ്കിലും എല്ലാ പ്രദേശത്തും വെള്ളമെത്താത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് ഉപേക്ഷിക്കപ്പെട്ട പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.