പോരുവഴി വെൺകുളം ഏലായിൽ നിലംനികത്തൽ തകൃതി

ശാസ്താംകോട്ട: പോരുവഴി വെൺകുളം ഏലായിൽ രാഷ്ട്രീയ സ്വാധീനമുള്ള മാഫിയ സംഘം വൻതോതിൽ നിലംനികത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു. ഇവർക്കെതിരെ രംഗത്തെത്തുന്നവരെ വിവിധ രീതികളിൽ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങളിൽ പെടുത്തിയും പിന്തിരിപ്പിക്കുന്നത് പതിവാണ്. മലനട ക്ഷേത്രത്തിന് തെക്കുള്ള വിശാലമായ വയലിലാണ് നികത്തൽ നടത്തുന്നത്. കാര്യമായ തോതിൽ നെൽകൃഷി നടത്തിയിരുന്ന ഇവിടം ഇപ്പോൾ മാഫിയ സംഘത്തി​െൻറ അധീനതയിലാണ്. പണകോരി നികത്തുന്നതാണ് ആദ്യഘട്ടം. പുറത്തുനിന്ന് ഗ്രാവൽ എത്തിച്ച് പാത്തികൾ നികത്തും. തുടർന്ന് ആദ്യം താൽക്കാലിക ഷെഡും പിന്നീട് പാറയും കോൺക്രീറ്റും കൊണ്ടുള്ള അടിത്തറയോടുകൂടി കെട്ടിടങ്ങളും നിർമിക്കും. ഇൗ നടപടിക്കെല്ലാം ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ മേഖലയിലെ രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നതാണ് പതിവ്. പഞ്ചായത്തിനും ഇക്കാര്യത്തിൽ എതിർനിലപാടില്ല. രേഖകൾ പ്രകാരം 'നിലം' ആണെങ്കിലും വൈദ്യുതിയും കെട്ടിടനിർമാണ പെർമിറ്റുമെല്ലാം ലഭിക്കാൻ ഒരു തടസ്സവും ഇല്ല. പണവും സ്വാധീനവും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വരുതിയിലാക്കുകയാണ് ചെയ്യുന്നത്. വെൺകുളം ഏലായിൽ മറ്റൊരിടത്തും ഭൂമിയില്ലാത്ത നിർധന ദലിത് വൃദ്ധൻ ആകെയുള്ള മൂന്ന് സ​െൻറിൽ കെട്ടിയ കുടിൽ സി.പി.എം, ഡി.വൈ.എഫ്.െഎ പ്രവർത്തകർ പൊളിച്ചുകളഞ്ഞിരുന്നു. ഇപ്പോൾ സി.പി.എമ്മി​െൻറ ലോക്കൽ കമ്മിറ്റി അംഗത്തി​െൻറ വകയായും നിലംനികത്തൽ ഭൂമിയിൽ കെട്ടിടം ഉയരുകയാണ്. ദലിത് വൃദ്ധനെ ഒാടിച്ചവർ ഇപ്പോൾ കൈയേറ്റക്കാർക്കും നിലംനികത്തുകാർക്കും ഒത്താശ ചെയ്ത് നിൽക്കുകയാണ്. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള മാഫിയാ സംഘങ്ങളെ എതിർക്കാൻ ശേഷിയില്ലാതെ നിസ്സഹായാവസ്ഥയിലാണ് സമീപവാസികൾ. കുന്നത്തൂർ താലൂക്കിലെ റവന്യൂ അധികൃതരുടെ നിലപാടും വിമർശിക്കപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.