കോളജുകൾക്ക് സ്വയംഭരണം; വിദഗ്​ധ സമിതി റിപ്പോർട്ട്​ ഉടൻ സമർപ്പിക്കാൻ നിർദേശം * സർക്കാർ ഉത്തരവിൽ ഇടതുസംഘടനകൾക്കിടയിൽ അമർഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളുടെ പ്രവർത്തനം സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതിയോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം. ഇതേതുടർന്ന് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതി. കോളജുകൾക്ക് സ്വയംഭരണ പദവി അനുവദിക്കുന്നതിനെതിരെ നിലപാടെടുത്ത ഇടതുസർക്കാർ കഴിഞ്ഞ ദിവസം 24 എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവിക്ക് അപേക്ഷിക്കാൻ എൻ.ഒ.സി അനുവദിച്ചിരുന്നു. സർക്കാറി​െൻറ നയംമാറ്റത്തിനെതിരെ ഇടതു അധ്യാപക, വിദ്യാർഥി സംഘടനകൾക്കിടയിൽ പ്രതിഷേധം പുകയുകയാണ്. സ്വയംഭരണ കോളജുകൾ പദവി ദുരുപയോഗം ചെയ്തെന്ന പരാതിയെ തുടർന്നാണ് ഇവയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പഠിക്കാൻ സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോട് നിർദേശിച്ചത്. കൗൺസിൽ നിയോഗിച്ച ഡോ. ജോയ് ജോബ് കുളവേലിൽ അധ്യക്ഷനായ മൂന്നംഗ സമിതി കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സിറ്റിങ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എറണാകുളത്തെ ചില കോളജുകൾക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിരുന്നത്. ഇവയെ നിയന്ത്രിക്കാനാവശ്യമായ ശിപാർശകളോടെ സമിതി റിപ്പോർട്ട് നൽകാനിരിക്കെയാണ് 24 കോളജുകൾക്ക് പദവിക്ക് അപേക്ഷിക്കാൻ സർക്കാർ എൻ.ഒ.സി അനുവദിച്ചത്. സമിതി പഠനം നടത്തുന്നതിനിടെയാണ് സ്വയംഭരണ കോളജുകൾ അനുവദിക്കുന്ന നടപടി ഉദാരമാക്കിയും കൂടുതൽ അധികാരങ്ങൾ നൽകിയും യു.ജി.സിയുടെ പുതിയ ചട്ടങ്ങൾ പുറത്തുവന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംസ്ഥാന സർക്കാർ തന്നെ പുതിയ കോളജുകൾക്ക് എൻ.ഒ.സി നൽകി ഉത്തരവിട്ടത്. ഇതോടെ സമിതിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് സ്വയംഭരണ പദവിക്കെതിരെ വ്യാപക പ്രക്ഷോഭം സംഘടിപ്പിച്ച എസ്.എഫ്.െഎയും ഇടത് അധ്യാപക സംഘടനകളും സർക്കാർ തീരുമാനത്തോടെ വെട്ടിലായിരിക്കുകയാണ്. എസ്.എഫ്.െഎ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തെ തുടർന്ന് യു.ജി.സി സംഘത്തിന് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പരിശോധന നടത്താൻ കഴിയാതായതോടെയാണ് യൂനിവേഴ്സിറ്റി കോളജിന് സ്വയംഭരണ പദവി നഷ്ടമായത്. എറണാകുളം മഹാരാജാസിൽ എസ്.എഫ്.െഎ പ്രക്ഷോഭത്തെ തുടർന്ന് അതിരാവിലെ എത്തിയാണ് യു.ജി.സി സംഘം കോളജിൽ പരിശോധന നടത്തിയത്. -കെ. നൗഫൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.