മകനെ കണ്ടെത്തി 12 വർഷങ്ങൾക്ക് ശേഷം

കൊട്ടാരക്കര: 12 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മകനെ കണ്മുന്നിൽ കണ്ടപ്പോൾ ആ പിതാവി​െൻറ ഹൃദയം സന്തോഷത്താൽ വിങ്ങിപ്പൊട്ടി...അണമുറിയാതെ ആനന്ദക്കണ്ണീരിൽ വർഷങ്ങളുടെ കാത്തിരിപ്പ് ഒഴുകിപ്പോയി. മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ത​െൻറ മകൻ മതേഷിനെ കാണാൻ കഴിയണമേയെന്ന പ്രാർഥനമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതു ദൈവം കേട്ടെന്നുമായിരുന്നു കർണാടകം, ചാമരാജ് നഗർ ജില്ലയിലെ കൊല്ലഗൽ താലൂക്ക് ഗ്രാമനിവാസിയായ ബോമ്മയുടെ ആദ്യപ്രതികരണം. കൂലിപ്പണിക്കാരനായ ബോമ്മയുടെയും മാധവിയുടെയും നാലുമക്കളിൽ ഏക ആൺതരിയായ മതേഷിന് പതിനെട്ടാമത്തെ വയസ്സിലാണ് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ചികിത്സകൾ പലത് നടത്തിയെങ്കിലും രോഗം ഭേദമായില്ല. ഇതിനിടെ മതേഷ് വീടുവിട്ടിറങ്ങി. പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒമ്പത് വർഷങ്ങൾക്ക്‌ മുമ്പ് 2009ലെ മേയിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കൊട്ടാരക്കര ടൗണിലൂടെ അലഞ്ഞ യുവാവിനെ നാട്ടുകാർ കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ, എവിടെയാണ് നാടെന്നോ എങ്ങനെ ഇവിടെ എത്തിച്ചേർന്നെന്നോ ഒന്നും ഓർമയിലുണ്ടായിരുന്നില്ല. നീണ്ട വർഷത്തെ ചികിത്സയും പരിചരണവും ആ യുവാവി​െൻറ ഓർമകളിൽ നാടി​െൻറ വെട്ടംതെളിച്ചു. പേര് മതേഷെന്നും സ്വന്തം സ്ഥലത്തെക്കുറിച്ചുള്ള ചെറിയ സൂചനകളും ആശ്രയയിലെ ജീവനക്കാരനാ‍യ ഹനീഫ് മുഹമ്മദിനോട് പങ്കുവെച്ചു. തുടർന്ന് കർണാടകയിലെ ചാമരാജ്‌ നഗർ ജില്ലയിൽ മതേഷ് പറഞ്ഞ ഗ്രാമം കണ്ടുപിടിക്കുകയും അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ കണ്ടെത്തുകയുമായിരുന്നു. രാമപുരം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ആർ. നാഗേന്ദ്ര റാവുവി​െൻറ നേതൃത്വത്തിൽ പിതാവ് ബോമ്മ, സഹോദരി ഭർത്താവ് നാഗ, ബന്ധുക്കളായ മഹാദേവ, പുട്ടപതി എന്നിവർ ചേർന്ന് കലയപുരം ആശ്രയയിലെത്തി മതേഷിനെ കൂട്ടിക്കൊണ്ടുപോയി. ഇത്രയും കാലം മകനെ സംരക്ഷിച്ചതിന് ആ പിതാവും ബന്ധുക്കളും ജനറൽ സെക്രട്ടറി കലയപുരം ജോസിനോടും അംഗങ്ങളോടും നന്ദിപറഞ്ഞാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.