മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

വള്ളക്കടവ്: മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. തമിഴ്നാട് സ്വദേശികളായ രാജമുഹമ്മദ്, സെയ്യദ് മുഹമ്മദ് എന്നിവരിൽനിന്നാണ് 200 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. 100 ഗ്രാം വീതം തൂക്കമുള്ള സ്വർണ ബാറുകൾ രണ്ടായി മുറിച്ച് പ്രത്യേക കാർബൺ പേപ്പറിൽ പൊതിഞ്ഞ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശ്രീലങ്കയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവേസി​െൻറ യു.എൽ 161 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസി​െൻറ മെറ്റൽ ഡോറിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബീപ്പ് ശബ്ദം കേട്ടതിനെതുടർന്ന് ഇരുവരെയും വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന്, മെഡിക്കൽ സംഘത്തി​െൻറ സഹായത്തോടെ സ്വർണം പുറത്തെടുക്കുകയായിരുന്നു. സ്വർണത്തിന് 6.5 ലക്ഷം വില വരും. കസ്റ്റംസ് ഇൻറലിജൻസ് അസിസ്റ്റൻറ് കമീഷണർമാരായ ജെ. ദാസ്, ഹരീന്ദ്രനാഥ്‌, സൂപ്രണ്ടുമാരായ ഗോപി രാജൻ, സഞ്ജീവ്, ആൻസി ഫിലിപ്പ്, ഇൻസ്പെക്ടർമാരായ സുനിൽ നഗർ, ഭൂപാൽ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.