ചിറയിന്‍കീഴിൽ വികസനപദ്ധതികള്‍ക്കായി 65 കോടി അനുവദിച്ചു

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ വിവിധ വികസനപദ്ധതികള്‍ക്കായി 65 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അറിയിച്ചു. ചിറയിന്‍കീഴി​െൻറ സ്വപ്നപദ്ധതിയായ റെയില്‍വേ ഓവര്‍ ബ്രിഡ്ജി​െൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കിഫ്ബി പ്രോജക്ട് മുഖേന നടപ്പാക്കുന്നതിന് 25.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കിഫ്ബിയുടെ 29-ാം ബോര്‍ഡ് മീറ്റിങ്ങിലാണ് പ്രോജക്ടിന് അംഗീകാരം ലഭിച്ചത്. ഓവര്‍ ബ്രിഡ്ജി​െൻറ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ 11.06 കോടിയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം ഉടന്‍ ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ആലംകോട്- മീരാന്‍കടവ്- അഞ്ചുതെങ്ങ്- മുതലപ്പൊഴി റോഡ് ഡി.ബി.എം ആൻഡ് ബി.സി പ്രവൃത്തിയായി ചെയ്യുന്നതിന് കിഫ്ബിയില്‍നിന്ന് 31.33 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിലെ ഏറ്റവും പ്രധാന പാതയാണിത്. മുതലപ്പൊഴി ഹാര്‍ബറിനെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. മുതലപ്പൊഴി ഹാര്‍ബറിനോടനുബന്ധിച്ച് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് മുഖേന മൂന്നുകോടിയുടെ ടൂറിസം പ്രോജക്ട് നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വേങ്ങോട്- 16ാം മൈല്‍ റോഡിലെ മുറിഞ്ഞപാലം പുനര്‍നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് 1.82 കോടിയുടെ ഭരണാനുമതി ലഭിച്ചു. പാലത്തി​െൻറ അപ്രോച്ച് റോഡിന് നേരത്തേ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്നതോടെ പാലത്തി​െൻറയും റോഡി‍​െൻറയും നിര്‍മാണം ആരംഭിക്കും. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് പോസ്റ്റ് മണ്‍സൂണ്‍ അറ്റകുറ്റപ്പണി ഫണ്ടില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍നിന്ന് 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതോടെ ചിറയിന്‍കീഴ് മണ്ഡലത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ ഇളമ്പ ഹയര്‍സെക്കൻഡറി സ്‌കൂളിനെ ഹൈടെക് ആയി ഉയര്‍ത്തുന്നതിന് അഞ്ചുകോടിയുടെ ഭരണാനുമതി കിഫ്ബിയില്‍നിന്ന് ലഭിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ഉള്‍പ്പെടെ ആറുകോടി 85 ലക്ഷം രൂപക്കുള്ള സ്‌കൂള്‍ കെട്ടിട നിർമാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കടയ്ക്കാവൂര്‍ വില്ലേജ് ഓഫിസിനെ സ്മാര്‍ട്ട് വില്ലേജ് ആക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സ്മാര്‍ട്ട് വില്ലേജി​െൻറ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയും റവന്യൂ വകുപ്പില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഈ വര്‍ഷം രണ്ട് വില്ലേജുകളെയാണ് സ്മാര്‍ട്ട് വില്ലേജുകളായി തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം കഠിനംകുളം വില്ലേജിനെ സ്മാര്‍ട്ട് വില്ലേജ് ആയി തെരഞ്ഞെടുത്തിരുന്നു. ഇവിടത്തെ നിർമാണപ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. മുദാക്കല്‍- ഇളമ്പ ഗ്രൂപ് വില്ലേജിനെ വിഭജിച്ച് ഇളമ്പയില്‍ പുതിയ വില്ലേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇളമ്പയില്‍ നിർമിച്ചിട്ടുള്ള പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. കേരളോത്സവം കലാമത്സരങ്ങള്‍ ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ കേരളോത്സവം കലാമത്സരങ്ങള്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ചു. ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി. പ്രദീപ്, ജമീല, കൗണ്‍സിലര്‍ കെ.എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാപ്ഷൻ -നഗരസഭ കേരളോത്സവം കലാമത്സരങ്ങളുടെ ഉദ്ഘാടനം ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.