22 വർഷമായി അട്ടിമറിച്ചിരുന്ന പി.എസ്​.സി നിയമനങ്ങൾക്ക്​ വഴിതുറന്നു

തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എസ്.സിക്ക് വിട്ട നിയമനങ്ങള്‍ ചട്ടനിർമാണം നടത്താതെ അട്ടിമറിച്ചതിന് കത്രിക പൂട്ടിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൂപ്പുകാര്‍ മുതല്‍ ജനറല്‍ മാനേജര്‍ വരെയുള്ള 22 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് പി.എസ്.സിക്ക് നല്‍കി. 22 വര്‍ഷമായി ഫയലില്‍ കുടുങ്ങിക്കിടന്ന പി.എസ്.സി മുഖാന്തരമുള്ള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ വിവിധ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് ഇതോടെ കളമൊരുങ്ങിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 1995ലാണ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലേതടക്കം സഹകരണ അപെക്സ് ഫെഡറേഷനുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത്. എന്നാല്‍, രണ്ട് പതിറ്റാണ്ടിലേറെയായിട്ടും നിയമനത്തിനായുള്ള ചട്ടം രൂപവത്കരിച്ച് പി.എസ്.സിയുടെ അംഗീകാരം നേടിയിരുന്നില്ല. ബാങ്ക് ഭരണസമിതിതലത്തില്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപവും തൽപരകക്ഷികളായ ചില ഉദ്യോഗസ്ഥരുടെ തടസ്സവാദങ്ങളുമാണ് ചട്ടനിർമാണം നടത്താതെ പി.എസ്.സി വഴിയുള്ള നിയമന നടപടികള്‍ക്ക് വിഘാതമായതെന്ന് തിരിച്ചറിഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടത്. റിക്രൂട്ട്മ​െൻറ് നടപടികള്‍ സ്വീകരിക്കുന്നതിലൂടെ 300ഓളം ഉദ്യോഗാർഥികള്‍ക്കാണ് ബാങ്കില്‍ പുതുതായി തൊഴിലവസരം ലഭിക്കുക. ജീവനക്കാരുടെ നേരിട്ടുള്ള നിയമനകാര്യത്തില്‍ നിലവിലെ സര്‍ക്കാറെടുത്ത നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമനങ്ങള്‍ പി.എസ്.സിയിലൂടെ നടത്തുന്നതിന് സാഹചര്യമുണ്ടായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.