നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ്: നിക്ഷേപകർ ഹരജി നൽകി 27ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ്കേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർ ഹരജി നൽകി. തിരുവനന്തപുരം സബ് കോടതി ഹരജി ഫയലിൽ സ്വീകരിച്ചു. ഇരുപേതാളം നിക്ഷേപകരാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കമ്പനി ഉടമ കെ. നിർമലൻ പാപ്പർഹരജി നൽകിയിരുന്നു. ഇതിൽ എതിർകക്ഷികൾ മിക്കതും ബാങ്കുകളും ഉന്നത വ്യക്തികളുമായിരുന്നു. തുടർന്നാണ് പെരുങ്കടവിള സ്വദേശികളായ 20 പേർ അടങ്ങുന്ന സംഘം ഹരജി നൽകിയത്. ഇവർ നിർമൽ കൃഷ്ണ ഫിനാൻസിലെ പണം നിക്ഷേപകരാണ്. ആറ് വർഷമായി സ്ഥിരമായി പലിശ ലഭിച്ചിരുന്നു. കഴിഞ്ഞ ആറ് മാസമായാണ് ഇതു ലഭിക്കാത്തത്. ഇതിനെത്തുടർന്ന് ഇവർ കമ്പനി ഉടമയെ സമീപിച്ചിരുന്നു. എന്നാൽ, ഇത് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മാത്രമാണ് എന്ന് പറഞ്ഞതായും നിഷേപകർ നൽകിയ ഹരജിയിൽ പറയുന്നു. കോടതിയെ സമീപിച്ച നിക്ഷേപകരിൽ മിക്കവരും വീട്ടമ്മമാരും ചെറുപ്പക്കാരുമാണ്. ഇവർക്ക് ഒരു കോടി 25 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും ഹരജിയിൽ പറയുന്നു. നിരവധി പേർ ഇനിയുമുണ്ടെന്നും പലരും കുടുംബത്തെ അറിയിക്കാതെ പണം നിക്ഷേപിച്ചവരായതിനാലാണ് മുന്നോട്ട് വരാൻ മടിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കുന്ന ബാധ്യതകൾക്ക് പുറമേയുള്ളവക്ക് താൻ ഉത്തരവാദിയല്ലെന്ന് നിർമലൻ പാപ്പർഹരജിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നിക്ഷേപകരുടെ ഹരജികൾ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സാധ്യത. വിശദമായ വാദം 27ന് കോടതി പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.