12 വീടുകൾക്ക് നാശം, ഒരാൾക്ക് പരിക്ക്

ചവറ: ചവറയിൽ കനത്ത നാശനഷ്ടം. നീണ്ടകരയിൽ ഒമ്പത് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. നീണ്ടകര പരിമണം ലക്ഷംവീട് കോളനിയിൽ സുഭദ്ര, കാർത്തിക, ചന്ദ്രൻ, വേണു, ജയിൻ ജോസഫ്, വിശ്വനാഥൻ, സുമ നിവാസിൽ പുഷ്പവല്ലി, സഞ്ചയ് ഭവനത്തിൽ മായ, രമണി എന്നിവരുടെ വീടുകളാണ് തകർന്നത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ശക്തമായ കാറ്റിൽ ഷീറ്റിട്ട മേൽക്കൂരകൾ പറന്നുപോയി. വലിയ ശബ്ദത്തോടെ ഷീറ്റുകൾ പൊട്ടി താഴേക്കുവീണുണ്ടായ അപകടത്തിൽ സുമ നിവാസിൽ ശാലിനിയുടെ തലക്ക് പരിക്കേറ്റു. വീട്ടുപകരണങ്ങൾ തകരുകയും ചെയ്തു. ശാലിനിയെ നാട്ടുകാർ ചേർന്ന് നീണ്ടകര താലൂക്ക് ആശുപത്രിയിലെത്തിച്ചു. മിക്ക വീടുകളിലും ഷീറ്റുകൾവീണ് ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് മായ, ബ്ലോക്ക് മെംബർ മോഹൻലാൽ, വാർഡ് അംഗം സോജ, വില്ലേജ് ഓഫിസർ ബാബു, സി.പി.എം ഏരിയ സെക്രട്ടറി ടി. മനോഹരൻ എന്നിവർ ചേർന്ന് തകർന്ന വീടുകളിലെയും അപകടാവസ്ഥയിലുള്ള വീടുകളിലെയും ആളുകളെ പരിമണം എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചു. പരിമണം ലക്ഷംവീട് കോളനിയിലെ 41 വീടുകൾ കടലിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. 40 വർഷത്തോളം പഴക്കമുള്ള വീടുകളാണ്. ശക്തമായ മഴയിൽ കടൽകയറ്റമുള്ളതും കാറ്റും മഴയും കാലങ്ങളായി തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി വീട്ടുകാർ പറഞ്ഞു. നീണ്ടകര എ.എം.സി വാർഡിലും തീരഭാഗത്തുള്ള മൂന്ന് വീടുകൾ തകർന്നു. മേൽക്കൂരയിലെ ഷീറ്റുകൾ കനത്ത കാറ്റിൽ പറന്നുപോകുകയായിരുന്നു. പഞ്ചായത്ത് വില്ലേജ് അധികൃതർ സ്ഥലത്തെത്തി. ചവറയിലെ അഞ്ചു പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളംകയറി. തേവലക്കര കുഴംകുളം മുക്കിൽ റോഡിനോട് ചേർന്നുള്ള ആഞ്ഞിലിമരം 11 കെ.വി ലൈനിൽ വീണു. വൈദ്യുതി തടസ്സപ്പെട്ടു. ചവറ ഫയർഫോഴ്സ് യൂനിറ്റിൽനിന്നുള്ള ജീവനക്കാരെത്തി മരം മുറിച്ചുമാറ്റി. ചവറ ഭരണിക്കാവ് ചാങ്കൂർ വടക്കതിൽ (തയ്യൽ വീട്) നസീമുദ്ദീ​െൻറ വീട്ടിലെ കിണർ കനത്ത മഴയിൽ ഇടിഞ്ഞുതാണു. ഞായറാഴ്ച ഉച്ചക്ക്രണ്ടിനായിരുന്നു സംഭവം. 40 അടിയോളം താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞുതാണ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.