പാർട്ടി വിരുദ്ധത: പോരുവഴിയിലെ സി.പി.എമ്മിൽ കലാപം

ശാസ്താംകോട്ട: പോരുവഴി പഞ്ചായത്ത് ഭരണസമിതിയിൽ പാർട്ടി നിലപാടുകൾക്കും നിർദേശങ്ങൾക്കും വിരുദ്ധമായ നടപടികൾ തുടർച്ചയായി ഉണ്ടാകുന്നതിനെ ചൊല്ലി സി.പി.എം ഘടകത്തിനുള്ളിൽ അസ്വാരസ്യം പടരുന്നു. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മാറ്റാൻ പ്രമേയം പാസാക്കിയത് മുതൽ ബി.ജെ.പി, മുസ്ലിം ലീഗ് അനുഭാവികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ കരാർ നീട്ടി നൽകിയതു വരെയുള്ള പ്രശ്നങ്ങൾ ശൂരനാട് ഏരിയ കമ്മിറ്റിക്ക് മുന്നിൽ പരാതിയായി എത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ഉഷയെ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയതിനെ തുടർന്ന് പഞ്ചായത്ത് ഡയറക്ടർ മയ്യനാേട്ടക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. മുതിർന്ന സി.പിഎം നേതാവും മുൻ പി.എസ്.സി ചെയർമാനുമായ എം. ഗംഗാധരക്കുറുപ്പ് അടക്കമുള്ളവരുടെ രാഷ്ട്രീയ ഗുരുവായ മുടിയിൽത്തറ ഭാസ്കറി​െൻറ ബന്ധുവാണ് ഉഷ. പോരുവഴി കിഴക്ക് ലോക്കൽ സെക്രട്ടറി കൂടിയായ പഞ്ചായത്ത് അംഗത്തി​െൻറ അപ്രീതിക്ക് പാത്രമായതാണ് സെക്രട്ടറിയുടെ കസേര തെറിക്കാൻ കാരണമായത്. തൊഴിലുറപ്പ് പദ്ധതിയുടെ ഓവർസിയർ, ഡാറ്റ എൻട്രി ഓപറേറ്റർ എന്നീ തസ്തികകളിൽ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നിയമിതരായി തുടരുന്നവരുടെ കരാർ പുതുക്കി നൽകാനുള്ള തീരുമാനമാണ് ഗുരുതര ആക്ഷേപമായി ഇടഞ്ഞു നിൽക്കുന്നവർ ഉയർത്തുന്നത്. സി.പി.എമ്മിന് ഏഴ് അംഗങ്ങളുണ്ട്. വിമതയായി മത്സരിച്ച് ജയിച്ച പാർട്ടി വനിതാ അംഗത്തി​െൻറ പിന്തുണയും ഇടതുപക്ഷത്തിനാണ്. കോൺഗ്രസ് വിമതനും ഇടതിനൊപ്പമാണ്. പ്രതിപക്ഷത്ത് ബി.ജെ.പിക്ക് നാലും എസ്.ഡി.പി.ഐക്ക് രണ്ടും കോൺഗ്രസിന് ഒന്നും അംഗങ്ങളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.